വ്യാജ ട്രേഡിങ് വാഗ്ദാനം നല്‍കി  വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. പൊള്ളാച്ചി മക്കിനംപട്ടി എസ്.വി ഗാര്‍ഡന്‍ വിഗ്‌നേഷാണ്  വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. 31 ലക്ഷമാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനം ചെയ്ത് പ്രതി തട്ടിയെടുത്തത്. 2024 ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. മൂന്നാം മൈല്‍ സ്വദേശിയെ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്‌ലൈന്‍ ട്രേഡിങ്ങ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2024 ഡിസംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 31,48,000 രൂപ പ്രതി തട്ടിയെടുത്തത്. ഇവര്‍ വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്‌ഫോം നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ട്രേഡിങ്ങ് നടത്താനാണെന്ന വ്യാജേന നല്‍കിയ ബാങ്ക് അക്കൗണ്ടുകളില്‍ പല തവണകളിലായി ഇന്‍വെസ്റ്റ് ചെയ്യിപ്പിച്ച് ലാഭമോ മുതലോ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ട്  മൂന്നാം മൈല്‍ സ്വദേശി നല്‍കിയ പരാതി പ്രകാരം പോലീസ് കൃത്യമായ അന്വേഷണം നടത്തുകയും  പ്രതിയെ മനസ്സിലാക്കി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് അതി വിദഗ്ദമായി വലയിലാക്കുകയുമായിരുന്നു.   സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ഷജു ജോസഫും സംഘവും ചേര്‍ന്നാണ് പ്രതിയെ പൊള്ളാച്ചിയില്‍ നിന്നും പിടികൂടിയത്.   പ്രതി ഉപയോഗിച്ച അക്കൗണ്ടിനെതിരെ 14 സംസ്ഥാനങ്ങളിലായി 29 ഓളം എന്‍.സി.ആര്‍.പി  റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ഒരു മാസത്തിനകം മേല്‍ അക്കൌണ്ടിലേക്ക് മൂന്നേ കാല്‍ കോടിയോളം രൂപ വന്നതായും അന്വേഷണ സംഘം കണ്ടെത്തി. സബ് ഇന്‍സ്പെക്ടര്‍  എ വി ജലീല്‍, സീനിയര്‍ സി.പി.ഓ വി.കെ ശശി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി അരുണ്‍, എല്‍.എ ലിന്‍രാജ്, കെ.എ ഷൈജല്‍, മുഹമ്മദ് അനീസ്, മുസ്ലിഹ്, പി.പി പ്രവീണ്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.