വാർഡിലെ ജനങ്ങൾക്കായി ഗ്രാമസേവകേന്ദ്രം തുറന്ന് പഞ്ചായത്ത് അംഗം. നൂൽപ്പുഴ പഞ്ചായത്തിലെ പത്താംവാർഡ് മെമ്പർ ബെന്നി കൈനിക്കലാണ് തന്റെ വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങൾ സുഖമമായി പരിഹരിക്കുന്നതിന് മുത്തങ്ങയിൽ ഗ്രാമസേവ കേന്ദ്രം തുറന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു പഞ്ചായത്തംഗം ഇത്തരത്തിലൊരു കേന്ദ്രം തുറക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു.

നാല് വശവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മുത്തങ്ങ വാർഡിലെ ജനങ്ങൾക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലും സുഖമമായും നടപ്പാക്കാനായാണ് വാർഡ് മെമ്പറായ ബെന്നി കൈനിക്കൽ ഗ്രാമസേവ കേന്ദ്രം തുറന്നത്. ഇതിനായി ഒരു ജീവനക്കാരനെ ഇവിടെ നിയമിക്കും.  മുത്തങ്ങ ടൗണിൽ ലീസിനെടുത്ത ഭൂമിയിൽ സ്വന്തമായി മൂന്ന് ലക്ഷം രൂപ മുടക്കിയാണ് കേന്ദ്രം തുറന്നിരിക്കുന്നത്. ഇതിൽ വാർഡിലെ ജനങ്ങൾക്ക് ഗ്രാമസഭയും ചേരാനാകും. വരുംകാലങ്ങളിൽ നികുതി അടക്കാനുള്ള സേവനങ്ങളും ജനങ്ങൾക്കായി ഇവിടെ തുടങ്ങും.

ഏഴുപത് ശതമാനത്തിലേറെ ഗോത്രജനസംഖ്യയുള്ള ഈ വാർഡിൽ ഇത്തരമൊരു കേന്ദ്രം വരുന്നത് എല്ലാവർക്കും ഏറെ ഉപകാരപ്രദമാണ്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു വാർഡിൽ ഗ്രാമസേവ കേന്ദ്രം പഞ്ചായത്തംഗം ആരംഭിക്കുന്നത്.  കേന്ദ്രത്തിന്റെ ഉദ്ഘാടനം നാട്ടുകാരുടെ സാനിധ്യത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ അധ്യക്ഷയായി. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.