നീര്‍ത്തട വികസന പദ്ധതിപ്രകാരം പോത്തുകുട്ടികളെ വളര്‍ത്താന്‍ വാങ്ങിയ ഗോത്രകുടുംബങ്ങള്‍ക്ക് ജപ്തി നോട്ടീസ്. നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് അമ്പതേക്കര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ അഞ്ച് കുടുംബങ്ങള്‍ക്കാണ് പോത്തുകുട്ടികളുടെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പിന്റെ ജപ്തിനോട്ടിസ് വന്നിരിക്കുന്നത്. അതേസമയം നല്‍കിയ പോത്തുകുട്ടികള്‍ രോഗംവന്നും കടുവആക്രമണത്തിലും നഷ്ടപെട്ടുവെന്നും പണം തിരികെ നല്‍കാന്‍ മാര്‍ഗമില്ലെന്നും കുടുംബങ്ങള്‍.

വടക്കനാട് മേഖലയില്‍ നടപ്പാക്കിയ നീര്‍ത്തട വികസന പദ്ധതി പ്രകാരം  ജെ.എല്‍.ജി ഗ്രൂപ്പുകള്‍ രൂപീകരിച്ച് അമ്പതേക്കര്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് 2022ലാണ് പോത്തുകുട്ടികളെ വളര്‍ത്താന്‍ നല്‍കിയത്. നല്‍കിയ സമയത്ത് പോത്തുകുട്ടികളുടെ തൂക്കമനുസരിച്ച് തുക നിശ്ചയിക്കുകയും ഇത് മാസതവണകളായി തിരിച്ച് അടക്കാനുമാണ് നിര്‍്ദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് അഞ്ച് കുടുംബങ്ങളടങ്ങുന്ന നിരവധി ജെ.എല്‍.ജികള്‍ രൂപീകരിക്കുകയും ഒരു കുടംബത്തിന് രണ്ട് പോത്തുകുട്ടികളെ വീതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി പ്രകാരം പോത്തുകുട്ടികളെ ലഭിച്ച ഗ്രൂപ്പുകളില്‍ ചില അംഗങ്ങള്‍ തുക തിരിച്ചടാക്കാതയോടെയാണ് ജ്പതി നടപടികള്‍ക്കുള്ള നോട്ടീസ് കുടുംബങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം പദ്ധതി പ്രകാരം ലഭിച്ച പോത്തുകുട്ടികളില്‍ പലതും രോഗബാധയാലും കടുവ ആക്രമണത്താലും കൊല്ലപ്പെട്ടുവെന്നും  ഇതിനാല്‍ തുക തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് നോട്ടീസ് ലഭിച്ച കുടുംബങ്ങള്‍ പറയുന്നത്.

നോട്ടീസ് ലഭിച്ചതോടെ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. ഗോത്രമേഖലയില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വേണ്ട മോണിറ്ററിങ് സംവിധാനങ്ങള്‍ ഇല്ലാതപോയതാണ് പദ്ധതി ഉദ്ദേശിച്ച ഫലംലഭിക്കാത്തതിന് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.