നടവയല്‍ നെയ്ക്കുപ്പ തെരേസ മൗണ്ടില്‍ റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ വ്യാപകമായി കുന്നിടിച്ചതായി പരാതി. കുന്നിടച്ചത് സമീപത്തെ വീടുകള്‍ക്കും കുരിശുപള്ളിക്കും അപകടഭീഷണിയാകുന്നു എന്നാണ് പരാതി ഉയരുന്നത്. വിഷയത്തില്‍ റവന്യൂ പഞ്ചായത്ത് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ കക്കോടന്‍ ബ്ലോക്ക് തെരേസ മൗണ്ട് കുരിശുപള്ളിക്ക് സമീപമാണ് കുന്നിടിക്കല്‍ നടന്നത്. നിലവില്‍ ഇടിച്ച് നിരത്തിയ മണ്ണും പാറകളും കനത്ത മഴ പെയ്താല്‍ താഴേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയിലാണ്. കുന്നിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന തെരേസ കുരിശുപള്ളിയോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് മണ്ണ് നീക്കം ചെയ്തത്. ഇത് പള്ളിക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കുന്നിന് താഴെ താമസിക്കുന്ന കുടുംബങ്ങളും ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ മഴ പെയ്താല്‍ കല്ലും മണ്ണും താഴേക്ക് ഒഴുകി എത്തുന്ന അവസ്ഥായാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.