മാനന്തവാടി: വയനാട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്തകാലത്തായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങളും ക്രൂരമായ മര്‍ദനമുറകളും അതീവ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെസിവൈഎം മാനന്തവാടി രൂപത സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി. പഠനവും സൗഹൃദവും വളര്‍ത്തേണ്ട പ്രായത്തില്‍ വിദ്യാര്‍ത്ഥികളില്‍ അക്രമ സ്വഭാവം വളരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് രൂപതാ പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍ അഭിപ്രായപ്പെട്ടു.

വിദ്യാലയങ്ങളിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളെ ലഘുവായി കാണാനാവില്ല. കുട്ടികള്‍ക്കിടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും വലിയ സംഘര്‍ഷങ്ങളായി മാറുന്നത് തടയാന്‍ സ്‌കൂള്‍ അധികൃതരും നിയമ സംവിധാനങ്ങളും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശക്തമായ ഇടപെടല്‍ നടത്തണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കുട്ടികളുടെ പെരുമാറ്റ വ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകരും രക്ഷിതാക്കളും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും യോഗം ചൂണ്ടിക്കാട്ടി.

ലഹരി മാഫിയകളുടെ സ്വാധീനമോ സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്ന തെറ്റായ പ്രവണതകളോ ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലുണ്ടോ എന്നതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം. വിദ്യാര്‍ത്ഥികളിലെ പ്രശ്‌നങ്ങള്‍ വെറും അച്ചടക്ക നടപടികളില്‍ മാത്രം ഒതുക്കാതെ, അവര്‍ക്ക് മാനസിക പിന്തുണയും ബോധവല്‍ക്കരണവും നല്‍കുന്ന പരിപാടികള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കണം. ഇതോടൊപ്പം സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.

ഭാവിയുടെ പ്രതീക്ഷകളായ കുട്ടികള്‍ വഴിതെറ്റുന്നത് തടയാന്‍ സഭയും സമൂഹവും ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. യുവതലമുറയെ മൂല്യാധിഷ്ഠിതവും ക്രിയാത്മകവുമായ പാതയിലേക്ക് നയിക്കാന്‍ രൂപതാ തലത്തില്‍ കര്‍മപദ്ധതികള്‍ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രൂപതാ പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേല്‍, ജനറല്‍ സെക്രട്ടറി റോബിന്‍ ബിജു വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയില്‍, ക്രിസ്റ്റി കാരുവള്ളിത്തറ, ട്രഷറര്‍ നവീന്‍ പുലക്കുടിയില്‍, കോര്‍ഡിനേറ്റര്‍ ബ്രിട്ടോ വാഴയില്‍, രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ് ടോം എസ്.എ.ബി.എസ്, സംസ്ഥാന സെനറ്റ് അംഗങ്ങളായ ടിജിന്‍ ജോസഫ് വെള്ളപ്ലാക്കല്‍, ഡ്യൂണ മരിയ കിഴക്കേ മണ്ണൂര്‍, അമല്‍ഡ തൂപ്പുങ്കര എന്നിവര്‍ സംസാരിച്ചു.