ജില്ലയിലെ അനധികൃത ആയുർവേദ സ്‌പാ-മസാജ്സെന്ററുകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് ശിവസേന നേതാക്കൾ  വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹോട്ടലുകൾ, സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു ഭൂരിഭാഗം സെൻ്ററുകളും പ്രവർത്തിക്കുന്നത്. ഇതിൽ പലതിനും ലൈസൻസ് പോലുമില്ലെന്നതാണ് യാഥാർഥ്യമെന്നും ഇത്തരം സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഇടപാടുകളും നടക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് അടക്കം പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലെന്നും ഇവർ ആരോപിച്ചു. അനധികൃത സ്‌ഥാപനങ്ങൾക്കെതിരെയും നടത്തിപ്പുകാർക്കെതിരെയും നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്‌തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഇവർ അറിയിച്ചു.
ശിവസേന ജില്ലാ പ്രസിഡൻ്റ് സജിത് കെ. നായർ, യുവസേന സംസ്‌ഥാന വർക്കിങ് പ്രസിഡന്റ് എസ്.ബി.നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.