ബി.ജെ.പി ഭരണം നടത്തുന്ന സുല്‍ത്താന്‍ബത്തേരി സര്‍വീസ് സഹകരണബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി യു.ഡി.എഫ് രംഗത്തെത്തി. അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ക്രമവിരുദ്ധമായ വായ്പകള്‍ അനുവദിച്ചെന്നും ചട്ടവിരുദ്ധ നവീകരണം നടത്തിയെന്നും ആരോപണം. ചട്ടലംഘനകണ്ടെത്തിയ സഹകരണവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ പ്രക്ഷോഭമെന്നും യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഹകരണവകുപ്പ് നിയമം 65പ്രകാരം ബാങ്കില്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തയിരിക്കുന്നത്. നിയമനത്തിലും വായ്പ അനുവദിക്കലിലും നവീകരണ പ്രവര്‍ത്തിയിലും അഴിമതി നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നുമാണ് നേതാക്കളുടെ ആരോപണം.  ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബി. ക്ലാസിലേക്ക് താന്ന ബാങ്കില്‍ പുനര്‍ ക്ലാസിഫിക്കേഷന്‍ നടത്താതെ നടത്തിയ നിയമനങ്ങള്‍ ചട്ടലംഘനമാണ്. നിയന അഴിമതിയില്‍ ബി.ജെ.പി സി.പി.എം ബന്ധമാണെന്നും നേതാക്കള്‍ ആരോപിച്ചു. 2019-20ല്‍ ബാങ്ക് കെട്ടിടം നവീകരിച്ചതിന് പൊതുപണം വിനിയോഗിച്ചത് ജോയിന്റെ രജിസ്റ്റാര്‍ ഉത്തരവ് ലംഘിച്ചാണെന്നും നവീകരണവുമായി ബന്ധപ്പെട്ട് ബാങ്കിന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും നേതാക്കള്‍ ചൂണ്ടികാട്ടി.

ബാങ്കിലെ അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിനത്തില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ പുനരന്വേഷകനെ വെച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടരേഖകള്‍ നല്‍കാന്‍ സെക്രട്ടറി തയ്യാറായില്ലെന്നും, സെക്രട്ടറിക്കെതിരെ പുനരന്വേഷകന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ബാങ്കിന്റെ പൊതുപണം കേസ് നടത്തിപ്പിനായി സെക്രട്ടറി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും നേതാക്കള്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന് പൊതുയോഗത്തില്‍വെച്ച് സെക്രട്ടറിയെ  സസ്പെന്റ് ചെയ്യുമെന്ന് രേഖമൂലം ഉറപ്പുനല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും നിലവിലെ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടണമെന്നും മുന്‍ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നും  നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം പരാതിയിന്‍മേല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പ്രതികരിക്കുമെന്നും ബാങ്ക് പ്രസിഡന്റ് പ്രതികരിച്ചു.