ബീനാച്ചി - പനമരം റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ഐ. സി ബാലകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. സബ്മിഷനിലൂടെയാണ് റോഡിന്റെ പ്രവർത്തി എത്രയുംവേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. നിർമ്മാണം ആരംഭിച്ച് എട്ടുവർഷമായിട്ടും റോഡ് നവീകരണം പൂർത്തിയായിട്ടില്ല.
2019 ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച് റോഡ് പണി നാളിതുവരെയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രവർത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയാണ് ഇതിനുകാരണം. 22 കിലോമീറ്റർ ദൈർഘ്യവരുന്ന രണ്ട് റീച്ചുകളായാണ് പ്രവർത്തികൾ തുടങ്ങിയത്. നടവയൽ മുതൽ പനമരം വരെ 10 കി.മീ റോഡ് പ്രവൃത്തി നടക്കുന്നു എങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ പ്രക്ഷോഭത്തിലാണെന്നും സുൽത്താൻ ബത്തേരിയിൽ നിന്ന് മാനന്തവാടി വഴി കണ്ണൂർ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന വളരെ എളുപ്പത്തിൽ പോകാവുന്ന ഈ റോഡിന്റെ പ്രവൃത്തി അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് അദ്ധേഹം നിയമസഭയിൽ നടത്തിയ സബ്മിഷനിൽ ആവശ്യപ്പെട്ടു.
റോഡിന്റെ വീതി ഏകീകരിക്കുകയും ഇരുവശങ്ങളിലും ഓരോ മീറ്റർ വീതിയിൽ കോൺക്രീറ്റ് കൂടെ ഉൾപ്പെടുത്തിയുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും സാമ്പത്തിക അനുമതി ലഭിക്കുന്ന മുറയ്ക്ക് സാങ്കേതിക അനുമതി നൽകി എത്രയും വേഗം പ്രവൃത്തി പൂർത്തീകരിക്കുമെന്നും മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
Comments (0)
No comments yet. Be the first to comment!