വൈത്തിരിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് സഹപാഠിയുടെ മര്‍ദനമേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കയ്യൊടിഞ്ഞ സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന ആരോപണവുമായി കുടുംബം. ബസിലെ സിസിടിവി ദൃശ്യം പോലും പുറത്തുവിടാതെ സ്‌കൂള്‍ മാനേജ്‌മെന്റും പൊലീസും ഒത്തുകളിക്കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പൊഴുതന സ്വദേശിയായ, വൈത്തിരി എച്ച്.ഐ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരനാണ് സഹപാഠിയുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. ബുധനാഴ്ച സ്‌കൂള്‍ വിട്ടുവരുന്ന ബസില്‍ വച്ചുണ്ടായ മര്‍ദനത്തില്‍ കുട്ടിയുടെ വലതുകൈയ്ക്ക് പൊട്ടലുണ്ടായി. ഉച്ചത്തില്‍ സംസാരിച്ചു എന്ന് പറഞ്ഞ് ആറാം ക്ലാസുകാരനായ വിദ്യാര്‍ഥിയാണ് മര്‍ദിച്ചതെന്നാണ് പരാതി.

ഇതുവരെ ബസിലെ സിസിടി ദൃശ്യം പുറത്തുവിടാനോ കൃത്യമായ അന്വേഷണം നടത്താനോ വൈത്തിരി പൊലീസ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം. സ്‌കൂള്‍ മാനേജ്‌മെന്റുമായി ചേര്‍ന്ന് പൊലീസ് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബം പറയുന്നത്.

ബസില്‍ വച്ച് കുട്ടികളില്‍ നിന്ന് നിരന്തരം മര്‍ദമേല്‍ക്കാറുണ്ടെന്ന് അഞ്ചാംക്ലാസുകാരന്‍ പറയുന്നു. പരാതി പറയുമ്പോള്‍ വേണമെങ്കില്‍ സ്‌കൂള്‍ മാറിപ്പൊക്കോളൂ എന്നതാണ് അധ്യാപകരുടെ നിലപാടെന്നും ആക്ഷേപമുണ്ട്. നീതി തേടി ബാലാവകാശ കമ്മിഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.