സ്ഥിരമായി ബൈക്കുകള്‍ മോഷ്ടിച്ചും കടകള്‍ കുത്തി തുറന്നും മോഷണം നടത്തി പോലീസിനെ വട്ടം കറക്കിയ മോഷ്ടാവിനെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് സ്വദേശി പുത്തന്‍ വീട്ടില്‍ സരുണ്‍ എന്ന ഉണ്ണിയാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11-30 ഓടെ ഏഴാം ചിറയില്‍ ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറും സംഘവും ഇയാളെ പിടികൂടിയത്. ഓടി മാറാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് സമര്‍ത്ഥമായി ഇയാളെ പിടി കൂടുകയായിരുന്നു.
മീനങ്ങാടിക്ക് പുറമെ കേണിച്ചിറ, അമ്പലവയല്‍ സ്റ്റേഷന്‍ പരിധികളില്‍ സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് അകത്ത് കയറി പണം അപഹരിച്ച കേസിലും, സമീപ കാലത്തായിനടന്ന നിരവധി ബൈക്ക് മോഷണകേസുകളിലും പ്രതിയാണിയാള്‍. കേണിച്ചിറ, അമ്പലവയല്‍, മീനങ്ങാടി പോലീസ് ടീമംഗങ്ങള്‍ മോഷ്ടാവിനെ കണ്ടെത്താനും പിടികൂടാനുമുള്ള കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് സരുണ്‍ മീനങ്ങാടി പോലീസിന്റെ പിടിയിലാകുന്നത്.
ഇയാള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. ഈ വാഹനം മീനങ്ങാടിയില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ ഗ്രൗണ്ടില്‍നിന്നും മോഷ്ടിച്ചതാണ്. രാത്രി 1.30ഓടെ കേണിച്ചിറയിലെ മോഷണവുമായിബന്ധപ്പെട്ട് കേണിച്ചിറ പോലീസിന് പ്രതിയെ മീനങ്ങാടി പോലിസ് കൈമാറി. അന്വേഷണ സംഘത്തില്‍ എസ്.ഐ, സനല്‍, എസ്.സി.പി.ഒ മാരായ വരുണ്‍, ഷൈജു, രജീഷ്, എന്നിവരും അജിത്,മോഹന്‍സ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
Comments (0)
No comments yet. Be the first to comment!