പാതിവില തട്ടിപ്പ് കേസിന് ഇരിയായവർ വീണ്ടും സമരരംഗത്ത്. ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിലാണ് തട്ടിപ്പിരിയായവർ വീണ്ടുംപ്രതിഷേധവുമായിയെത്തിയത്.  നഷ്ടപ്പെട്ട പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

സംസ്ഥാന വ്യാപകമായി ആം ആദ്മി പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയിലും കലക്ടറേറ്റ് മാർച്ച് നടത്തിയത്. പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന ആവശ്യങ്ങൾ മുൻ നിർത്തിയായിരുന്നു സമരം. തട്ടിപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും,  അതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ വീണ്ടും  രൂപീകരിച്ച് അന്വേഷണം പുനരാരംഭിക്കണമെന്നും, നേതാക്കൾ ആവശ്യപ്പെട്ടു.

സംസ്ഥാന ആക്ഷൻ കൗൺസിൽ കോർഡിനേറ്റർ അഡ്വ ബേസിൽ ജോൺ ഇടുക്കി സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അജി കൊളോണിയ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഡോ എ ടി സുരേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് മാസ് പെറ്റീഷൻ നൽകുകയും ഇരകൾക്ക് നീതി ഉറപ്പ് വരുത്താൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.  ജില്ലാ, മണ്ഡലം ഭാരവാഹികളായ പോൾസൺ കെ.എം, റഫീക്ക് കമ്പളക്കാട്, ലിയോ മാത്യു, ജയിംസ് കൊമ്മയാട്, ഷെറിൻ റോയ്,സൽമാൻ എൻ റിപ്പൺ, തുടങ്ങിയ പ്രവർത്തകർ നേതൃത്വം നൽകി. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തും കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.