വിശ്വനാഥന്റെ മരണത്തില്‍ പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതിയുടെ ഉത്തരവ്. 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വിശ്വനാഥന്റെ സഹോദരന്‍ വിനോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവ്.

2023 ഫെബ്രുവരി 11 നാണ്  കല്‍പ്പറ്റ അഡ്ലൈഡ് പാറവയല്‍ പട്ടികവര്‍ഗ ഉന്നതിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2024ല്‍ വിശ്വനാഥന്റെ സഹോദരന്‍ വിനോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ബിന്ദുകുമാരിയുടെ ഉത്തരവ്. വിശ്വനാഥന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വിനോദിന്റെ ഹര്‍ജി. വാദി ഭാഗത്തിന് വേണ്ടി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ.വി. സരിജ എന്നിവര്‍ ഹാജരായി. പ്രസവത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു വിശ്വനാഥന്‍. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം വിചാരണ ചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷിച്ച കേസ് കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ആള്‍ക്കൂട്ട വിചാരണ നടന്നില്ലെന്നായിരു ന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. കൃഷി ചെയ്തും കൂലിപ്പണിയെടുത്തും കുടുംബം പോറ്റിയിരുന്ന വിശ്വനാഥന്‍ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ പിതാവാകാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. എന്നിരിക്കേ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ വിശ്വസനീയമല്ലെന്ന ആക്ഷേപം പട്ടികവര്‍ഗ സംഘടനകള്‍ ഉന്നയിച്ചിരുന്നു.