വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവര്‍ക്ക് ജീവനോപാധി നല്‍കിവരുന്നത് നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നല്‍കുന്നത്. ധനസഹായം ജൂണ്‍ വരെയോ വീട് നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

ഡിസംബര്‍വരെ 656 കുടുംബത്തിലെ 1185 ആളുകള്‍ക്ക് 9000 രൂപ വീതം ജീവനോപാധി നല്‍കിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കില്‍ മൂന്ന് പേര്‍ക്കാണ് സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്ന് മാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദുരന്തബാധിതരുടെ ആവശ്യപ്രകാരം ഡിസംബര്‍ വരെ നീട്ടുകയായിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രതിമാസം നല്‍കി വരുന്ന 9000 രൂപ സഹായം വരും മാസങ്ങളിലും തുടരുമെന്ന് പറഞ്ഞ മന്ത്രി, ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ ധനസഹായം തുടരുമെന്നും പറഞ്ഞിരുന്നു. സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ബോധപൂര്‍വമായ പ്രചരണം നടന്നെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായവിതരണം നീട്ടിക്കൊണ്ടുള്ള ഉത്തരവ്.