
സംസ്ഥാനത്തേക്ക് ലഹരി കടത്തിന്റെ പ്രധാന ഇടനാഴിയായി മുത്തങ്ങ. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 249 ഗ്രാമോളം എംഡിഎംഎയാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ചരക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പാന്‍മസാലകള്‍ എക്‌സൈസും പിടികൂടിയിരുന്നു. അടുത്തിടെയായി വിനോദ സഞ്ചാരികള്‍ വയനാട്ടിലേക്കും മുത്തങ്ങ അതിര്‍ത്തി വഴി മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നത് വര്‍ദ്ധിച്ചിരുന്നു. അതിര്‍ത്തികളില്‍ വാഹനത്തിരക്കുമുണ്ടായിരുന്നു ഇതിന്റെ മറവിലാണ് ലഹരിക്കടത്ത് വര്‍ദ്ധിച്ചത്. അതേസമയം പോലീസ് എക്‌സൈസും ശക്തമായ പരിശോധനയാണ് അതിര്‍ത്തികളില്‍ നടത്തുന്നത്. സംസ്ഥാനത്തേക്ക് ലഹരി എത്തുന്ന പ്രധാന ഇടനാഴിയായി മുത്തങ്ങ മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മുത്തങ്ങയില്‍ വച്ച് പിടികൂടിയ രാസലഹരിയുടെ അളവു നോക്കിയാല്‍ ഇത് വ്യക്തമാവും.
മുത്തങ്ങ പൊലീസ് ചെക്ക്‌പോസ്റ്റില്‍ മൂന്ന് കേസുകളിലായി 249.38 ഗ്രാമോളം എംഡിഎംഎയാണ് പിടികൂടിയത്. ബുധനാഴ്ച കെഎസ്ആര്‍ടി യാത്രക്കാരനായ റിപ്പണ്‍ സ്വദേശി വടക്കന്‍ വീട്ടില്‍ കെ.അനസ്(21)ന്റെ പക്കല്‍ നിന്ന് 19.38 ഗ്രാം എംഡിഎംഎ കണ്ടെടുത്തതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ച കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കല്‍ കവുങ്ങിന്‍ തൊടി വീട്ടില്‍ കെ.എ നവാസില്‍ നിന്നും 28.95 ഗ്രാം എംഡിഎംഎ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് കണ്ടെടുത്തിരുന്നു. ഈ മാസം 10ന് ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന സ്വകാര്യ ബസില്‍ നിന്നും മലപ്പുറം തിരൂര്‍ ഇടക്കുളം സ്വദേശി്യില്‍ നിന്നും 199.25 ഗ്രാം എംഡി എം എയേയും പോലീസ് പിടികൂടിയിരുന്നു. ഇതിന് പുറമെ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയില്‍ ലോറിയില്‍ ചരക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 6725 പാക്കറ്റ് നിരോധിത പാന്‍മസാലകള്‍ എക്‌സൈസും പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ഉത്സവ സീസണ്‍ പ്രമാണിച്ചും പോലീസും എക്‌സൈസും അതിര്‍ത്തികളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!