ജില്ലയില്‍ കോളറ സ്ഥിരീ കരിച്ചിട്ടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൂളിവയലിലേത് കോളറയല്ല

വയനാട് പനമരം കൂളിവയല്‍ ഉന്നതിയില്‍ ഏട്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി മാധ്യമങ്ങളില്‍  പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. ആന്‍സി മേരി ജേക്കബ് അറിയിച്ചു. ജില്ലയില്‍ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗവ മെഡിക്കല്‍ കോളേജില്‍ നടത്തിയ കള്‍ച്ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി പരിശോധനയില്‍ കോളറക്ക് കാരണമായ വിബ്രിയോ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍  ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്.

ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടുതലായാല്‍ ശക്തമായ വയറിളക്ക രോഗങ്ങള്‍ക്ക് കാരണമായേക്കും. ഉന്നതിയില്‍ നിന്നുള്ള സാമ്പിളുകള്‍ ഉയര്‍ന്ന പരിശോധനയ്ക്ക് അയക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി. 22 പേര്‍ക്കാണ് വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ അഞ്ച് പേര്‍ മാനന്തവാടി ഗവ മെഡിക്കല്‍ കോളേജിലും രണ്ട് പേര്‍ പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്.

കുടിവെള്ള സ്രോതസ്സുകള്‍ ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്യുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ശൗചാലയങ്ങളില്‍ പോയ ശേഷവും ഭക്ഷണം പാചകം ചെയ്യല്‍, വിളമ്പല്‍, കഴിക്കല്‍ എന്നിവയ്ക്ക് മുമ്പും കൈകള്‍ ശരിയായ വിധം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, തുറസായ സ്ഥലങ്ങളില്‍ മല - മൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക, വ്യക്തിത്യ- പരിസര  ശുചിത്വം, ഭക്ഷണ ശുചിത്വം  എന്നിവ കര്‍ശനമായി പാലിക്കുകയാണ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍. വയറിളക്ക രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സിക്കാതെ ഉടന്‍ ആശുപത്രിയിലെത്തിക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ഒ.ആര്‍.എസ് ലായനി തയ്യാറാക്കി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം കുടിക്കുക, ആരോഗ്യ ശീലങ്ങള്‍ പാലിച്ച് വയറിളക്ക രോഗങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.