അവശ്യ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണികള്‍ നാളെ ആരംഭിക്കും. മാനന്തവാടി, പുല്‍പ്പള്ളി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിപണി ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ വിപണിയില്‍ സബ്സിഡിയോടെ ലഭിക്കും. മറ്റ് സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കും. ജനുവരി ഒന്ന് വരെയാണ് ചന്ത പ്രവര്‍ത്തിക്കുക.
ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണ വിപണികളിലൂടെ ലഭ്യമാക്കും. ദിനേശ്, റെയ്ഡ്കോ, മില്‍മ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും.
നോണ്‍ സബ്സിഡി ഇനങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഓഫര്‍ വിലകളില്‍ ലഭ്യമാകും. കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലെത്തിക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ എന്നിവയ്ക്കും പ്രത്യേകം വിലക്കുറവ് ഉറപ്പാക്കും. ക്രിസ്മസ്- പുതുവത്സര കേക്കുകള്‍ വിലക്കുറവില്‍ ലഭിക്കുമെന്നും മേഖലാ മാനേജര്‍ പി.കെ. അനില്‍കുമാര്‍ അറിയിച്ചു. ദിവസം 50 പേര്‍ക്കാണ് നിത്യോപയോഗ സാധനങ്ങള്‍ വിപണികളില്‍ നിന്നും ലഭ്യമാകുക. വിപണികളില്‍ തിരക്ക് ഒഴിവാക്കാന്‍ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
കല്‍പ്പറ്റ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് നടക്കുന്ന വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാര്‍ സി.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
Comments (0)
No comments yet. Be the first to comment!