തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ
രാവിലെ ഏട്ട് മുതല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും  നഗരസഭകളുടേത് അതത് നഗരസഭാതലത്തിലുമാണ് വോട്ട് എണ്ണുന്നത്. ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ എണ്ണും.

ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ അതത് ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ സജ്ജമാക്കിയ കേന്ദ്രത്തിലായിരിക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങുക. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളില്‍ നിന്നും ടേബിളുകളിലേക്ക് എത്തിക്കുക. 

വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകളില്‍ നിന്നും  കണ്‍ട്രോള്‍ യൂണിറ്റുകള്‍ പുറത്തെടുക്കുന്നത്. ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് എത്തിക്കും. വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമാണ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലേക്കും എത്തിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെയായിരിക്കും എണ്ണുക. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലെയും വോട്ടെണ്ണുക.

സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ ടേബിളിള്‍ വെയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീല്, സ്‌പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ യഥാക്രമം ബ്ലോക്ക്- ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും വോട്ടുവിവരം ലഭിക്കും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം തത്സമയം  രേഖപ്പെടുത്തി കൗണ്ടിങ് സൂപ്പര്‍വൈസര്‍ വരണാധികാരിക്ക് നല്‍കും.

ഓരോ വാര്‍ഡിലെയും പോസ്റ്റല്‍ ബാലറ്റ് ഫലം എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് വരണാധികാരി ഫലപ്രഖ്യാപനം നടത്തും. വോട്ട്,  വോട്ടെണ്ണല്‍ ദിനത്തില്‍ ലീഡ് നില, ഫലം എന്നിവ തത്സമയം ട്രെന്‍ഡ് പ്ലാറ്റ്‌ഫോമില്‍ അറിയാന്‍ കഴിയും.   വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിങ്  ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.