കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ സജ്ജീകരിച്ച വെബ്കാസ്റ്റിങ് സംവിധാനം വിജയകരമായി. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിച്ച് തിരക്ക് കൂടിയ ബൂത്തുകളില്‍ നിയോഗിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ബൂത്തുകളിലെ തിരക്ക് അറിയിക്കാന്‍ വെബ്കാസ്റ്റിങ് പ്രയോജനകരമായി. ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകള്‍ തകരാറിലായത് തത്സമയ ദൃശ്യങ്ങളിലൂടെ കണ്ടെത്തി പരിഹരിച്ചത് സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ സാധിച്ചു.

കല്‍പ്പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളിലും പനമരത്ത് 32 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 25 ബൂത്തുകളും മാനന്തവാടിയില്‍ 63 ബൂത്തുകളിലുമാണ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയത്. 4-ജി സി.സി.ടി.വി ക്യാമറകളിലൂടെ ലഭിച്ച ദൃശ്യങ്ങള്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിച്ചത്. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍  ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിരുന്നു. വിവിധ വകുപ്പുകളില്‍ നിന്നായി 63 ഉദ്യോഗസ്ഥരാണ് വെബ്കാസ്റ്റിങ് സംവിധാനം നിയന്ത്രിച്ചത്.