കല്‍പ്പറ്റ: മികവില്‍ കുതിക്കുന്ന കുടുംബശ്രീക്ക് കരുത്തായി ഐഎസ്ഒ അംഗീകാരവും. പ്രവര്‍ത്തനത്തില്‍ ഗുണമേന്മയും മികച്ച സേവനവും ഉറപ്പാക്കിയ 22 സിഡിഎസുകള്‍ക്കാണ് ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ ഐഎസ്ഒ അംഗീകാരം ലഭിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷമാണ് സര്‍ട്ടിഫിക്കേഷന്റെ കാലാവധി. ജില്ലയിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്കാളിത്തം കാഴ്ചവെച്ചതിനൊപ്പം പൊതുജന സേവനവും മുഖമുദ്രയാക്കിയാണ്  കുടുംബശ്രീ സിഡിഎസുകള്‍ ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുദ്രയായ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന് അര്‍ഹരായത്.

ഐഎസ്ഒ സര്‍ട്ടിഫിക്കേഷന് വേണ്ടിയുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സി ആയ കിലയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിലാണ് 22 സിഡിഎസുകള്‍ ഇപ്പോള്‍ ഐഎസ്ഒ 9001:2015 അംഗീകാരത്തിലേക്ക് ചുവടുവെച്ചത്. കാര്യക്ഷമത, ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തലസൗകര്യ നിലവാരം, സ്ത്രീ ഭിന്നശേഷി വയോജന സൗഹൃദ സേവന സംവിധാനം എന്നിവ പരിഗണിച്ചാണ് നേട്ടം. സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ അംഗീകാരം കിട്ടിയതും വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സിഡിഎസിനായിരുന്നു.

അയല്‍ക്കൂട്ട വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കല്‍, അര്‍ഹരായ എല്ലാ കുടുംബങ്ങളെയും കുടുംബശ്രീയില്‍ ഉള്‍പെടുത്തല്‍, യുവതി യുവാക്കള്‍ക്കുള്ള തൊഴില്‍ നൈപുണി പരിശീലനം, കമ്മ്യൂണിറ്റി കൗണ്‍സിലിംഗ്, അംഗങ്ങള്‍ക്കുള്ള കാര്യശേഷി വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം ജില്ലയിലെ സിഡിഎസുകള്‍ ഏറെ മുന്നിലാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ പിന്തുണ ലഭിച്ചതും നേട്ടത്തിന് വഴിയൊരുക്കി.