
ഓണക്കാലത്ത് വ്യാജമദ്യം ഉള്‍പ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാന്‍ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയില്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പൊലീസ്, വനം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെ ഓണക്കാലം വ്യാജലഹരി മുക്തവും സുരക്ഷിതവുമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. സ്‌കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളും പൊലീസും ശക്തമായ നിരീക്ഷണം നടത്തും. അതിര്‍ത്തി പ്രദേശങ്ങളിലും ഉന്നതികളിലും വന സമീപ പ്രദേശങ്ങളിലും ചെക്‌പോസ്റ്റുകളിലും പരിശോധന ശക്തിപ്പെടുത്തും. ലഹരി സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ അപ്പപ്പോള്‍ തന്നെ അധികൃതര്‍ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലാ തലത്തിലും താലൂക്ക് തലങ്ങളിലും എക്‌സൈസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. താലൂക്ക് തലത്തിലും ശേഷം ഗ്രാമപഞ്ചായത്ത് തലത്തിലും ജനകീയ കമ്മിറ്റികള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ആറ് മാസം എക്സൈസ് വകുപ്പ് ജില്ലയില്‍ 3229 റെയ്ഡുകളും ഫോറസ്റ്റ്, റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി 129 പരിശോധനകളും നടത്തി. ഓരോ മാസവും 11,500 വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. 340 അബ്കാരി കേസുകളും 289 മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളും പുകയിലയുമായി ബന്ധപ്പെട്ട 1722 കോട്പ കേസുകളുമെടുത്തു. കോട്പ കേസുകളില്‍ പിഴയായി 3,43,600 രൂപ ഈടാക്കി. അബ്കാരി കേസില്‍ 301 പ്രതികളെയും എന്‍ഡിപിഎസ് കേസുകളില്‍ 293 പ്രതികളെയും അറസ്റ്റ് ചെയ്തു.
തൊണ്ടി മുതലായി 1347 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 311 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 955 ലിറ്റര്‍ വാഷ്, 2 ലിറ്റര്‍ കള്ള്, 59 ലിറ്റര്‍ ചാരായം, 42 ലിറ്റര്‍ അരിഷ്ടം, 9 ലിറ്റര്‍ വ്യാജമദ്യം, 16.093 കിലോഗ്രാം കഞ്ചാവ്, 13 കഞ്ചാവ് ചെടികള്‍, 1 കഞ്ചാവ് ബീഡി, ഹെറോയിന്‍ 1 ഗ്രാം, 3 ഗ്രാം ചരസ്, 22.512 ഗ്രാം ഹാഷിഷ് ഓയില്‍,17.462 ഗ്രാം എംഡിഎംഎ, 6371 ഗ്രാം പുകയില ഉത്പന്നങ്ങള്‍, രേഖകളില്ലാതെ സൂക്ഷിച്ച 17,50,000 രൂപ, ആകെ 24 വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് മദ്യ, മയക്കുമരുന്നുകളുടെ വിപണനം തടയുന്നതിന് ജില്ലയില്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂമുകള്‍
ജില്ലാതല കണ്‍ട്രോള്‍ റൂം - 04936-228215, 248850
ടോള്‍ ഫ്രീ നമ്പര്‍ - 1800 425 2848
താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍
സുല്‍ത്താന്‍ ബത്തേരി - 04936-227227, 248190, 246180
വൈത്തിരി - 04936-202219, 208230
മാനന്തവാടി 04935-240012, 244923
എക്‌സൈസ് 'നേര്‍വഴി' (അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും) - 9656178000
വിമുക്തി സൗജന്യ കൗണ്‍സിലിങ് - 14405
യോദ്ധാവ് കേരള പൊലീസ് - 99959 66666
എഡിഎം കെ ദേവകി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ ജെ ഷാജി, ജില്ലാ വിമുക്തി കോര്‍ഡിനേറ്റര്‍ സജിത് ചന്ദ്രന്‍, എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ കെ ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!