സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ വലവിരി വലവിരിച്ച് പോലീസ്.കഴിഞ് ഒരു മാസത്തിനിടെ വയനാട് സൈബര്‍ പോലീസിന്റെ പിടിയിലായത് ഏഴ് പേര്‍. ഓപ്പറേഷന്‍ സൈ ഹണ്ടില്‍   രജിസ്റ്റര്‍ ചെയ്തത് 20 കേസുകള്‍ .

കേരളത്തില്‍  വെര്‍ച്വല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറസ്റ്റ് നടന്ന ജില്ലയായി മാറുകയാണ് വയനാട് . വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദ്ദേശാനുസരണം സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടുതല്‍  അറസ്റ്റ് നടത്തിയിട്ടുള്ളത്.  ഭൂരിഭാഗം പ്രതികളെയും കസ്റ്റഡിയിലെടുത്തു അറസ്റ്റ് ചെയ്തിട്ടുള്ളത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്  .  

പടിഞ്ഞാറത്തറ സ്വദേശിയായ ഐ ടി ജീവനക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കേസില്‍ ഒക്ടോബര്‍ 25 -ന്  രാജസ്ഥാന്‍ ബിക്കനീര്‍ സ്വദേശിയായ ശ്രീരാം ബിഷ്‌ണോയ് വയനാട് സൈബര്‍ പോലീസിന്റെ  പിടിയിലായിരുന്നു.  ട്രേഡിങ് ആപ്പ് വഴി നിക്ഷേപം  സ്വീകരിച്ച്  77 ലക്ഷം രൂപ തട്ടിയ കേസില്‍ ഹരിയാന ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധയും ഒക്ടോബര്‍ 30 -ന് അറസ്റ്റിലായി.

വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സംഭവിച്ചത് എന്ന തരത്തില്‍ എ ഐ ഉപയോഗിച്ച് സ്വിപ് ലൈന്‍ അപകടത്തിന്റെ വീഡിയോ  നിര്‍മ്മിച്ച ആലപ്പുഴ തിരുവമ്പാടി തൈവേളിക്കകം കെ. അഷ്‌കര്‍ വയനാട് സൈബര്‍ പോലീസിന്റെ പിടിയിലാകുന്നത് നവംബര്‍  18നാണ്.
വ്യാജ ട്രേഡിങ് വഴി 33 ലക്ഷം രൂപ തട്ടിയ കേസില്‍ ബംഗളൂരുവിലെ സ്വകാര്യ ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയായ മലപ്പുറം താനൂര്‍ സ്വദേശി താഹിറും കഴിഞ്ഞ മാസമാണ് വയനാട് സൈബര്‍ പോലീസിന്റെ പിടിയിലാകുന്നത്.

ഏറ്റവും ഒടുവില്‍ വ്യാജ ഓണ്‍ലൈന്‍ ട്രേഡിഗ് ആപ്പ്  വഴി 77 ലക്ഷം രൂപ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി ആകാശ് യാദവിനെയാണ്   സൈബര്‍ പോലീസ്  അറസ്റ്റ് ചെയ്തത്. ഇതിനിടെ സൈബര്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞമാസം ഓപ്പറേഷന്‍ സൈഹണ്ട് എന്ന പേരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 27 പേരെ കസ്റ്റഡിയില്‍ എടുക്കുകയും 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.ഇതെല്ലാം തുടരുന്നതിനിടയാണ്  വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ പേരില്‍ പണം ആവശ്യപ്പെട്ട് വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളും പ്രചരിച്ചത്. കേസില്‍ സൈബര്‍ പോലീസിന്റെ അന്വേഷണം തുടര്‍ന്നുവരികയാണ്.