കല്‍പ്പറ്റ:  സീബ്രാലൈനില്‍ കാല്‍നടയാത്രക്കാര്‍ക്കാണ് മുന്‍ഗണന എന്നാല്‍ പലപ്പോഴും അത് നടപ്പിലാക്കപ്പെടുന്നില്ല. ഇനി സീബ്രാക്രോസിങ്ങുകളില്‍ കാല്‍നടക്കാരെ പരിഗണിക്കാതെ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.  സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എംവി നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും.

സീബ്രാ ക്രോസിങ്ങിലും ഫുട്പാത്തിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും സമാനമായ നടപടിയുണ്ടാകും. പല സ്ഥലങ്ങളിലും സീബ്രാ ക്രോസിങ്ങുകള്‍ വഴി ആളുകള്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കാന്‍ തയാറാകാത്തത് നിരവധി അപകടങ്ങള്‍ക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിയമപ്രകാരം സീബ്രാ ക്രോസിങ്ങിന്റെ ഒരു ഭാഗത്ത് റോഡ് മറികടക്കാന്‍ ആളുകള്‍ നില്‍ക്കുന്നതു കണ്ടാല്‍ സ്പീഡ് കുറച്ച് കുറഞ്ഞത് മൂന്നു മീറ്റര്‍ അകലെയെങ്കിലും വാഹനം നിര്‍ത്തണം. എന്നാല്‍ പലരും സ്പീഡ് കൂട്ടുകയാണ് ചെയ്യുന്നത്. ഇതുമൂലം കാല്‍നട യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാകുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. സീബ്രാലൈനിലൂടെ റോഡ് മുറി ച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ വാഹനിന്റെ വേഗംകൂട്ടിയും ഹോണ്‍ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍ സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചകിലം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 800-ലധികം കാല്‍നടയാത്രക്കാരുടെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിരത്തില്‍ ഇനിയും ജീവന്‍ പൊലിയാതിരിക്കാന്‍ നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക.