പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികളുടെ പേരില്‍ തപാല്‍ മുഖേന വ്യാജ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍  അയച്ചു പണം  തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസമാണ് വാളാട് സ്വദേശിക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയുടെ പേരില്‍ തപാലില്‍ ഏഴര ലക്ഷം രൂപയുടെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനക്കൂപ്പണുകളും ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുന്ന ഫോമുകളും ലഭിക്കുന്നത്. സ്പീഡ് പോസ്റ്റില്‍ വന്ന കവറില്‍ നിന്നും ലഭിച്ച കത്തില്‍ വലിയ തുകയുടെ സമ്മാനം ലഭിച്ചതായും അത് കൈപ്പറ്റാന്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍,ഐഎഫ്സി കോഡ്,ആധാര്‍, പാന്‍, നമ്പറുകള്‍ എന്നിവ നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

 വ്യക്തത വരുത്താന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയുടെ ഹെല്‍പ്പ് ലൈന്‍ എന്ന നിലയില്‍ വ്യാജ നമ്പറുകളും ഉടമയുടെ വ്യാജ ഒപ്പ് എന്നിവയും ചേര്‍ത്തിരുന്നു. സമ്മാനം ലഭിക്കണമെങ്കില്‍ ഗവണ്‍മെന്റ് ചാര്‍ജുകള്‍,, പ്രോസസിങ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 50,000 രൂപയോളം മുന്‍കൂറായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇത് തട്ടിപ്പാണെന്ന് സംശയം തോന്നിയത്.തുടര്‍ന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ അത്തരത്തിലുള്ള കത്തുകളോ കൂപ്പണുകളോ ഒന്നും വിതരണം ചെയ്തിട്ടില്ലെന്ന് വ്യക്തമായി.. തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ സൈബര്‍ സെല്ലിന് അറിയിച്ചിട്ടുണ്ട്. ഇത്തരം സൈബര്‍ കേസുകള്‍ വര്‍ധിച്ചു വരുന്നതായും പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങളില്‍ ബാങ്ക്, പാന്‍, ആധാര്‍ എന്നിവയുടെ നമ്പറുകളോ പങ്കിടരുതെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.