ബത്തേരി :തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ലെന്ന് ഉറപ്പിച്ച് 150 ഓളം കുടുംബങ്ങള്‍. അശാത്രീയ റോഡ് നിര്‍മാണത്തിനെതിരെയാണ് നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുന്നത്. നെന്‍മേനി പഞ്ചായത്ത് മാങ്കൊമ്പ് - മാളിക റോഡിലെ 150 ഓളം വീട്ടുകാരാണ് സ്ഥാനാര്‍ഥികളെ വിലക്കി ബോര്‍ഡ് സ്ഥാപിച്ച് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. നെന്‍മേനി പഞ്ചായത്തിലെ മാങ്കൊമ്പ് മാളിക റോഡിലെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെയാണ് പ്രദേശത്തെ നാട്ടുകാര്‍ രംഗത്ത് വന്നത്. കാര്യമായി തകരാത്ത ടാറിങ്ങ് റോഡ് പൊളിച്ചുമാറ്റി ആശാസ്ത്രീയമായരീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു എന്നാണ് നാട്ടുകാര്‍ പറയുന്നത്. 200 മീറ്റര്‍ ടാറിങ്ങ് റോഡ് ജെസിബി ഉപയോഗിച്ച് കുത്തിപൊളിച്ച് 170 മീറ്റര്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തത്. ബാക്കിഭാഗം തകര്‍ന്നുകിടക്കുകയാണ്. തീരെ നിലവാരമില്ലാത്ത രീതിയിലാണ് കോണ്‍ക്രീറ്റ് ചെയ്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മണ്ണിട്ട് പൊക്കി കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ റോഡിനിരുഭാഗവും ആഴത്തിലുള്ള കുഴിയായി മാറിയിരിക്കുകയാണ്. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിനെതിരെ വോട്ട് ബഹിഷ്‌കരിച്ചുകൊണ്ടുള്ള ബോര്‍ഡുകളും നാട്ടുകാര്‍ സ്ഥാപിച്ചിട്ടുണ്ട്. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും 15 ലക്ഷം രൂപ ചിലവാക്കിയാണ് റോഡ് നിര്‍മ്മിച്ചത്. എന്നാല്‍ റോഡുമായി ബന്ധപ്പെട്ട പ്രശ്‌നം ഇലക്ഷനുശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ പരിഹരിക്കുമെന്നും, കോണ്‍ക്രീറ്റ് ഉണങ്ങിയ ശേഷം റോഡിന്റെ ഭാഗങ്ങളില്‍ മണ്ണിടല്‍ പൂര്‍ത്തീകരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
Comments (0)
No comments yet. Be the first to comment!