മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കള്‍ വയനാട് പോലീസിന്റെ പിടിയില്‍. വടകര, മെന്‍മുണ്ട, കണ്ടിയില്‍  സല്‍മാന്‍ (36),  വടകര, അമ്പലപറമ്പത്ത് ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയില്‍  റസാക്ക്(38),  വടകര, മെന്‍മുണ്ട, ചെട്ടിയാം മുഹമ്മദ് ഫാസില്‍ (30) ,താമരശ്ശേരി, പുറാക്കല്‍ അപ്പു എന്ന മുഹമ്മദ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ്, മാനന്തവാടി പോലീസ്,  കസ്റ്റംസ്  എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍. 31511900 രൂപയാണ് കാറിന്റെ രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെ കാറില്‍ പണവുമായി  20.11.2025 തീയതി പുലര്‍ച്ചെയും ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ സൂത്രധാരനായ സല്‍മാന്‍, സുഹൃത്ത് മുഹമ്മദ്  എന്നിവരെ പിന്നീടും പോലീസ് പിടികൂടി.

20.11.2025 തീയതി പുലര്‍ച്ചെ ചെറ്റപാലത്ത് വെച്ച് നടത്തിയ പരിശോധനയിലാണ്  പണവുമായി യുവാക്കള്‍ വലയിലായത്. നിരോധിത മയക്കുമരുന്നുകള്‍ കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസുകാരും പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍  KL-18-AG-4957 Hyundai Creta കാര്‍ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്യാം നാനാഥിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും പോലീസും നടത്തിയ വിശദമായ പരിശോധനയില്‍ വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും അടിയിലായി നിര്‍മിച്ച പ്രത്യേക അറയില്‍ നിന്നാണ് പണം കണ്ടെത്തിയത്.  അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവെച്ച നിലയിലായിരുന്നു.

കസ്റ്റംസും പോലീസും കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യ സൂത്രധാരനായ സല്‍മാന്റെ പങ്ക് വ്യക്തമാവുന്നത്. സല്‍മാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബാംഗ്ലൂരിലെ കെ ആര്‍ നഗര്‍ എന്ന സ്ഥലത്തുനിന്ന് രണ്ടുപേര്‍ സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ പണം എത്തിക്കുകയും അവിടെവച്ച് കാറില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ പണം അടുക്കിവെച്ച് മൂന്നു യുവാക്കളും ബാംഗ്ലൂരില്‍ നിന്ന് വടകരയിലേക്ക് പുറപ്പെടുകയും ചെയ്യുന്നത്. സല്‍മാന്റെ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് മാനന്തവാടി കോടതിയുടെ പരിസരത്ത് നിന്ന് ഇയാളെ KL-18-N-5666 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാര്‍ സഹിതം കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദിനെയും പിടികൂടി. പണവും പ്രതികളെയും കസ്റ്റംസിന് കൈമാറി. നൂല്‍പ്പുഴ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള, മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖ്,  എസ്.ഐ  രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജോ മാത്യു, സി.ആര്‍.വിഓഫീസര്‍ എ എസ് ഐ അഷ്‌റഫ്,  എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.