ജില്ലയില്‍ തദ്ദേശ തെരഞ്ഞടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ഏഴിടങ്ങളില്‍ സ്ട്രോങ് റൂമുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ സെന്റ് മേരീസ് കോളേജിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് എസ്.കെ.എം.ജെ ഹൈസ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് ക്രമീകരിക്കുന്നത്.

കല്‍പ്പറ്റ നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും മാനന്തവാടി നഗരസഭയുടേത് മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടേത് അസംപ്ഷന്‍ ഹൈസ്‌കൂളിലും സൂക്ഷിക്കും. വോട്ടിങ്  യന്ത്രങ്ങളുടെ വിതരണ,സ്വീകരണ കേന്ദ്രങ്ങള്‍ ഒരേ സ്ഥലത്ത് തന്നെയാണ് ക്രമീകരിക്കുക. സ്ട്രോങ് റൂം, പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

സ്ട്രോങ് റൂം, പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പോലീസ് സേനയ്ക്ക പുറമെ സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കും. അഗ്‌നിശമന സേനാ വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കേന്ദ്രങ്ങളിലുണ്ടാവും. സ്ട്രോങ് റൂമിന് പുറമെ കണ്‍ട്രോള്‍ റൂം, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ എന്നിവര്‍ക്കായി സ്ട്രോങ് റൂം നിരീക്ഷിക്കാനുള്ള സൗകര്യം, സുരക്ഷാ ജീവനക്കാര്‍ക്കുള്ള വിശ്രമ മുറി എന്നിവയും സജ്ജീകരിക്കും. സ്ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളിലും വൈദ്യുതി വിതരണം, കുടിവെള്ളം, ടെലഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടെണ്ണലിനുള്ള കൗണ്ടിങ് ഹാളുകളിലെ സജ്ജീകരണങ്ങള്‍ ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം പൂര്‍ത്തിയാക്കും.