വയനാട് വന്യജീവി സങ്കേതത്തിലെ സുല്‍ത്താന്‍ ബത്തേരി കുപ്പാടി ആനിമല്‍ ഹോസ്‌പൈസില്‍ പരിചരിച്ചിരുന്ന WYN-05 പാര്‍വതി എന്ന കടുവ ചത്തു. പതിനേഴ് വയസുള്ള കടുവ പ്രായാധിക്യം മൂലമുള്ള അവശതകളെ തുടര്‍ന്നുള്ള തുടര്‍ന്ന് ഇന്ന് രാവിലെ അഞ്ചരയോടെയാണ് ചത്തത്.
നോര്‍ത്ത് വയനാട് ഡിവിഷന് കീഴിലെ ബേഗൂര്‍ റേഞ്ചിലെ തിരുനെല്ലിക്കടുത്തുള്ള പനവല്ലി പ്രദേശത്ത് നിന്ന് 2023 ല്‍ പിടികൂടിയ പതിനേഴ് വയസുള്ള കടുവയാണ് ഇന്ന് രാവിലെ ചത്തത്. നിരന്തരമായി വളര്‍ത്ത് മൃഗങ്ങളെ പിടിച്ചതിനെ തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെ തുടര്‍ന്നാണ് പിടികൂടിയത്. 2015 റ്റൈഗര്‍ മൊണിറ്ററിങ്ങ് മുതല്‍ വയനാട് ലാന്റ്‌സ്‌കേപ്പില്‍ കാണപ്പെട്ടിരുന്ന കടുവയായിരുന്നു ഇത്. നാല് കോമ്പല്ലുകളും നഷ്ടപ്പെട്ട് തുടയുടെ മേല്‍ ഭാഗത്ത് വലിയൊരു മുറിവോട് കൂടിയായിരുന്നു കടുവയെ പിടികൂടിയത്. പിടികൂടിയ സമയത്ത് തന്നെ കാഴ്ച്ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കടുവയുടെ കാഴ്ച്ച ശക്തി പിന്നീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇതോടെ പരിചരണ കേന്ദ്രത്തില്‍ സ്‌ക്യൂസ് കേജില്‍ തന്നെ പാര്‍പ്പിച്ചാണ് പരിചരിച്ചിരുന്നത്.
എന്‍ റ്റി സി യുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് രൂപീകരിച്ച കമ്മിറ്റി മേല്‍നടപടികള്‍ സ്വീകരിച്ചു. പരിചരണ കേന്ദ്രത്തില്‍ ആദ്യമായാണ് ഒരു കടുവ ചാവുന്നത്. പരിക്ക് പറ്റിയതും ജനങ്ങള്‍ക്ക് ഭീഷണിയാവുന്നതുമായ കടുവ കളെയും പുലികളെയും പരിചരിക്കുന്നതിനാണ് 2022 ലാണ് കേരളത്തിലെ ആദ്യത്തെ ആനിമല്‍ ഹോസ്‌പൈസ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ബത്തേരിക്കടുത്തുള്ള കുപ്പാടിയില്‍ സ്ഥാപിച്ചത്.
Comments (0)
No comments yet. Be the first to comment!