കര്‍ണാടക വനത്തില്‍നിന്നും കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വില്പന നടത്തിയ കേസില്‍ ഒളിവിലായിരുന്ന നാല് പ്രതികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാപ്പിസെറ്റ് തെക്കേടത്ത് ടി.ആര്‍. വിനേഷ് (39), ചണ്ണോത്തുകൊല്ലി കലവനാകുന്നേല്‍ കെ.ടി. അഭിലാഷ് (41), കുന്നത്തുകവല തകരക്കാട്ടില്‍ സണ്ണി തോമസ് (51), മാടപ്പള്ളിക്കുന്ന് ഇരിക്കാലിക്കല്‍ ഐ.ബി. സജീവന്‍ (49) എന്നിവരാണ് അറസ്റ്റിലായത്. ശിശുമലയിലെ കുരിശുമലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് മൂന്നുപേര്‍ പിടിയിലായത്. മറ്റൊരാളെ തറവാട്ടുവീട്ടില്‍നിന്നാണ് പിടികൂടിയത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ആറ് പ്രതികള്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ ദിവസം പ്രതികളില്‍ നിന്നും നാടന്‍തോക്കും തിരകളും കത്തികളുമടക്കം വേട്ടയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അഭിലാഷിന്റേയും സണ്ണിയുടേയും വീട്ടില്‍നിന്നാണ് തിരകള്‍ കണ്ടെടുത്തത്. അഭിലാഷിന്റെ നാടന്‍തോക്ക് സജീവന്റെ വീട്ടില്‍നിന്നാണ് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതികളുമായി വേട്ട നടന്ന കര്‍ണാടക വനത്തിലെത്തി തെളിവെടുപ്പ് നടത്തി. കാട്ടുപോത്തിന്റെ തല, കൈകാലുകള്‍, അസ്ഥികള്‍ തുടങ്ങിയവ കണ്ടെടുത്തു. ഈ കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്‍് ഗഫൂര്‍, പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ റെയ്ഞ്ച് ഓഫീസര്‍ എ. നിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച്, പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഉച്ചയ്ക്ക് ശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കും.
Comments (0)
No comments yet. Be the first to comment!