സുല്‍ത്താന്‍ ബത്തേരി: ഗുണമേന്മയുള്ള അവൊക്കാഡോ പഴങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യം വച്ച് കര്‍ഷകര്‍ക്കായി നടത്തുന്ന  ശില്‍പശാല നവംബര്‍ 8-ന് ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടലില്‍ നടക്കും. ചെറുകിട അവൊക്കാഡോ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നതെന്ന്  വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  കൃഷിശാസ്തജ്ഞനും വിവിധ രാജ്യങ്ങളില്‍ കൃഷി ഉപദേശകനുമായി പ്രവര്‍ത്തിക്കുന്ന ഡോ . മനോഹരന്‍ കൃഷ്ണ, തമിഴ്നാട് അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ''തടിയന്‍കുടുസ''യിലെ ഹോര്‍ട്ടികള്‍ച്ചര്‍ സ്റ്റേഷനിലെ ഡോ. ബാലകുംഭഹന്‍, അമ്പലവയല്‍  ആര്‍.എ.ആര്‍. എസ് മുന്‍ എ.ഡി.ആര്‍. ഡോ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ ക്ലാസ്സുകളെടുക്കും. അമ്പലവയല്‍ കാര്‍ഷിക വിജ്ഞാനകേന്ദ്രം, ഇന്ത്യന്‍ ബയോളജിക്കല്‍ ലിമിറ്റഡ് തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. വളര്‍ന്നുവരുന്ന ആഭ്യന്തര, കയറ്റുമതി വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പഴങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി കര്‍ഷകര്‍, വ്യാപാരികള്‍, ഗവേഷകര്‍, വ്യവസായ പങ്കാളികള്‍ എന്നിവരുടെ സഹകരണ ശ്രമങ്ങളിലൂടെ, ഇന്ത്യയിലെ സുസ്ഥിര അവൊക്കാഡോ കൃഷിയുടെ പ്രധാന കേന്ദ്രമായി വയനാടിനെ ഉയര്‍ത്തുകയാണ് ഈ മീറ്റ് ലക്ഷ്യമിടുന്നത്. വിശദാംശങ്ങള്‍ക്ക് 7012621314/9845580223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഡോ.പി. മണിലാല്‍, എം.ആര്‍.സുനില്‍കുമാര്‍, പി.പദ്മരാജന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.