ഇന്ന് കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. പൊന്നിൻ നിറമുള്ള നെന്മണികളിലൂടെ ഐശ്വര്യം വിളയുന്ന മാസത്തെ മലയാളികൾ വിളിക്കുന്നത് പൊന്നിൻ ചിങ്ങമെന്ന്. പഞ്ഞക്കർക്കിടകത്തിന്റെ കലക്കവും നെന്മണികളുടെ തിളക്കവും പഴയപോലെയില്ലെങ്കിലും ചിങ്ങത്തിന്റെ ഐശ്വര്യം നിറയും. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്.

13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമായത്. 12–ാം നൂറ്റാണ്ടിലെ അവസാന വർഷമാണ് (ശതാബ്ദിവർഷം) ഇന്നലെ അവസാനിച്ചത്.

കൊല്ലവർഷം പിറക്കുന്ന ചിങ്ങത്തെ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും മാസമായാണ് കണക്കാക്കുന്നത്. ചിങ്ങം ഒന്ന് മലയാളിക്ക് കർഷക ദിനം കൂടിയാണ്.

കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം ആചരിക്കുന്നതെങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം. ലോകഭക്ഷ്യദിനം കൂടിയായ അന്ന് കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംങിന്റെ ജന്മദിനമാണ്. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഭരണകര്‍ത്താവായിരുന്നു അദ്ദേഹം.