കല്‍പ്പറ്റ: പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിയമാനുസൃത ധനസഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം ജാതോതു ഹുസൈന്‍. കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനും നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യം, ശുചിത്വമുള്ള ശുചിമുറികള്‍, ചുറ്റുമതില്‍, കളിസ്ഥലം എന്നിവ നിര്‍മ്മിക്കണം. കുടിവെള്ള പ്രശ്‌നമുള്ള ഉന്നതികളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണം. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ  കൊഴിഞ്ഞ് പോക്ക് തടയുന്നതിനുള്ള നടപടി സ്വീകരിക്കണം. വന്യ മൃഗങ്ങളുടെ ആക്രമണം തടയുന്നതിനുള്ള ശാശ്വത പരിഹാരം കാണണം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായും സമയ ബന്ധിതമായും നടപ്പാക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളകടര്‍ ഡി.ആര്‍.മേഘശ്രീ, എ.ഡി.എംകെ. ദേവകി, ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ഡയറക്ടര്‍ ഡോ പി. കല്യാണ റെഡ്ഢി, പ്രൈവറ്റ് സെക്രട്ടറി അശോക് കുമാര്‍ ലക്കര്‍സു,  ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, ജില്ലാതല
ഉദ്യോഗസ്ഥര്‍എന്നിവര്‍ പങ്കെടുത്തു