ആശ്രമം സ്‌കൂളിനായി മക്കിമലയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നശിക്കുന്നുവെന്ന പരാതിയില്‍  മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെമെന്റ് ഓഫീസറും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 10  ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സുല്‍ത്താന്‍ ബത്തേരിയില്‍ അടുത്ത മാസം നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലേക്ക് മാറ്റുന്നതിനായി കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം തുടങ്ങിയ കെട്ടിടങ്ങളാണ് കാട് മൂടി കിടക്കുന്നത്. ഇവിടെ കലിംഗ മോഡല്‍ സര്‍വകലാശാലയാണ് വിഭാവനം ചെയ്തത്. ഇതിനിടയില്‍ ആറളം ഫാമിലേക്ക് സ്‌കൂള്‍ മാറ്റാന്‍ തീരുമാനിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.