മുട്ടില്‍ മരം മുറി കേസില്‍ കര്‍ഷകര്‍ക്ക് എതിരെ റവന്യു വകുപ്പ് നീക്കം. 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളി. ഈ 29 കര്‍ഷകരുടെ ഭൂമിയില്‍ നിന്നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ മരം മുറിച്ചിരുന്നത്. ഇവരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിലേക്ക് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ അപാകതകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. രേഖകള്‍ സഹിതം 15 ദിവസനത്തിനകം അപ്പീല്‍ നല്‍കാനാണ് മാനന്തവാടി സബ് കലക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അല്ലാത്തപക്ഷം നടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.ഇതോടെയാണ് ആദിവാസികള്‍ ഉള്‍പ്പടെയുള്ള കര്‍ഷകര്‍ ആശങ്കയിലായിരിക്കുന്നത്. മുറിച്ച മരത്തിന്റെ പിഴത്തുകയടക്കം സര്‍ക്കാറിലേക്ക് അടക്കേണ്ടിവരുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. എന്നാല്‍ കര്‍ഷകര്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടെന്നും ഇത് സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണെന്നുമാണ് റവന്യു അധികൃതരുടെ വിശദീകരണം. 2020 - 21ലാണ് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി നടന്നത്.