കല്‍പ്പറ്റ: വയനാട് ജില്ല അതിദാരിദ്ര മുക്ത ജില്ലയെന്ന പുരോഗതി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നാളെ രാവിലെ 10 ന് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സര്‍ക്കാറിന്റെ സുപ്രധാന ലക്ഷ്യത്തിനാണ് ജില്ല പുരോഗതി കൈവരിച്ചത്. ജില്ലയിലെ 2931 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, ആരോഗ്യം, വനിതാ ശിശു വികസനം, പട്ടികവര്‍ഗ്ഗം, പ്ലാനിങ്, വനം, കുടുംബശ്രീ, ലൈഫ് മിഷന്‍ എന്നീ വകുപ്പുകളുടെ കൂട്ടായ  നേതൃത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കാന്‍ പ്രാപ്തമാക്കിയത്.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സര്‍വ്വെ നടത്തി മൈക്രോപ്ലാന്‍ മുഖേന 2931 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി.  മൈക്രോപ്ലാനിലൂടെ കണ്ടെത്തിയ കുടുംബങ്ങളിലെ 4533 വ്യക്തികള്‍ അതിദാരിദ്ര്യത്തിലാണെന്ന് തിരിച്ചറിഞ്ഞ്  ഇവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍  2454 മൈക്രോപ്ലാനുകള്‍ തയ്യാറാക്കി. തയ്യാറാക്കിയ മൈക്രോപ്ലാനുകളുടെ സമയബന്ധിതമായ നടപ്പാക്കലാണ് പദ്ധതിയുടെ വിജയത്തിന് ആധാരം.

അര്‍ഹരായവര്‍ക്ക് ആവശ്യമായ നിയമപരവും ഭരണപരവുമായ അവകാശ രേഖകള്‍ ഉറപ്പാക്കാന്‍ ജില്ല ഊന്നല്‍ നല്‍കി. റേഷന്‍- ആധാര്‍- തിരിച്ചറിയല്‍-തൊഴില്‍ കാര്‍ഡുകള്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മറ്റ് ആവശ്യരേഖകളുടെ അഭാവം പരിഹരിക്കാന്‍ അവകാശം അതിവേഗം എന്ന പേരില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ച് 670 വ്യക്തികള്‍ക്ക് ആവശ്യ രേഖകള്‍ ലഭ്യമാക്കി. അതിജീവനത്തിന് തടസമാവുന്ന അടിസ്ഥാന ആവശ്യങ്ങളുടെ കുറവുകള്‍ പരിഹരിക്കാന്‍ സമഗ്ര ഇടപെടല്‍ നടത്തി. 952 കുടുംബങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷണ കിറ്റുകളും ആവശ്യക്കാര്‍ക്ക് പാകം ചെയ്ത ഭക്ഷണങ്ങളും ലഭ്യമാക്കി അടിസ്ഥാന ഭക്ഷണ ലഭ്യത ഉറപ്പാക്കി.

1526 കുടുംബങ്ങള്‍ക്ക് ദൈനംദിന മരുന്നുകളും പാലിയേറ്റീവ് സേവനങ്ങളും ഉറപ്പാക്കി. 268 കുടുംബങ്ങള്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിലൂടെയും വരുമാന ലഭ്യത ഉറപ്പാക്കി ജീവിതസാഹചര്യം മെച്ചപ്പെടുത്തി. പാര്‍പ്പിടരഹിതരായ 632 കുടുംബങ്ങളില്‍ 377 കുടുംബങ്ങള്‍ക്ക് പുതിയ വീട്, 139 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണം എന്നിവ സാധ്യമാക്കി. ഭൂരഹിതരും ഭവനരഹിതരുമായ 116 കുടുംബങ്ങളില്‍ 41 പേര്‍ക്ക് റവന്യൂ ഭൂമിയും 52 പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയും ഒരാള്‍ക്ക് വനാവകാശ പ്രകാരവും ഭൂമി ലഭ്യമാക്കി. 22 കുടുംബങ്ങള്‍ സ്വന്തമായി ഭൂമി കണ്ടെത്തി. സമഗ്രമായ ഇടപെടലിലൂടെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കാന്‍ ജില്ലയ്ക്ക് സാധിച്ചു.

മന്ത്രി ഒ.ആര്‍ കേളു, എം.എല്‍.എമാരായ ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, നഗരസഭ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, പ്ലാനിങ് ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍, ലാന്റ് റവന്യൂ ഡെപ്യുട്ടി കളക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ സംസ്ഥാന തലത്തില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, റൂറല്‍ ഡയറക്ടര്‍ എന്നിവര്‍ പുരോഗതി വിലയിരുത്തി പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍  സഹായകമായി. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരാണ് തദ്ദേശതലത്തില്‍ പദ്ധതി ഏകോപിപ്പിക്കുന്നത്. ജില്ലയുടെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് സോഷ്യല്‍ ഓഡിറ്റ്, ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലുമുള്ള പരിശോധനയും പൂര്‍ത്തീകരിച്ചു.