
മാനന്തവാടി തിരുനെല്ലി ആശ്രമം സ്‌കൂളിലെ പട്ടികവര്‍ഗ്ഗ ഹോസ്റ്റലില്‍ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ താമസിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി കണ്ണൂര്‍ ജില്ലയില്‍ ആറളത്തെക്ക് മാറ്റുവാനുള്ള തീരുമാനം ആശങ്കാജനകമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിലവിലെ ഹോസ്റ്റലില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി കുട്ടികളെ വയനാട്ടില്‍ തന്നെ പഠിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് പ്രതികൂല സാഹചര്യത്തിലും ഈ വിദ്യാര്‍ത്ഥികള്‍ അക്കാദമികവും കായികവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളത്. ഏറ്റവും പിന്നാക്ക അവസ്ഥയില്‍ ജീവിക്കുന്ന അടിയ, പണിയ സമൂഹത്തില്‍ പെട്ട ഈ കുട്ടികള്‍ ആ സമൂഹത്തിന് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും പ്രചോദനമാണ്. വയനാട്ടില്‍ നിന്നുള്ള ഭൂരിപക്ഷം കുട്ടികളും മറ്റൊരു ജില്ലയിലേക്ക് മാറി പഠനം നടത്തേണ്ടി വരുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ കൊഴിഞ്ഞു പോക്കിനുള്ള സാധ്യതയുണ്ട് എന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ ആശങ്കയറിയിച്ചു. ജില്ല വിട്ട് പോവുന്നതില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും എതിര്‍പ്പ് അറിയിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. ശോചനീയമായ സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കേണ്ടി വന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്. മനുഷ്യരെ നാണിപ്പിക്കുന്ന ഈ സാഹചര്യങ്ങളില്‍ നിന്നാണ് അവര്‍ ആ സ്‌കൂളിന് അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയത്. അവര്‍ക്ക് അവരുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവരുടെ പ്രദേശത്ത് തന്നെ പഠിക്കാന്‍ സൗകര്യമുണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അടിയ, പണിയ വിഭാഗം പോലെ സമൂഹത്തില്‍ ഏറ്റവും പിന്നാക്ക അവസ്ഥ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യത്തിനനുസരിച്ച ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അടിയന്തിരമായി നിലവിലെ ഹോസ്റ്റലിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി അവിടെ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to comment!