സംസ്ഥാനത്തെ മികച്ച ജില്ലാ സപ്ലൈ ഓഫിസിനുള്ള അവാര്‍ഡ് നേടി ജില്ല. തിരുവനന്തപുരത്ത് നടന്ന വിഷന്‍ 2031 സെമിനാറില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ജയിംസ് പീറ്റര്‍ പൊതുവിതരണ ഉപഭോക്തൃ വകുപ്പ് മന്ത്രി ജി.ആര്‍ അനലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.  സംസ്ഥാനത്തെ ഏറ്റവുമധികം വില്‍പ്പനയുള്ള റേഷന്‍ കടയുടമക്കുള്ള അവാര്‍ഡും ജില്ല കരസ്ഥമാക്കി. മേപ്പാടിയിലെ എ.ആര്‍.ഡി 19 കടയുടമയാണ് അവാര്‍ഡിന് അര്‍ഹനായത്. പൊതുവിതരണ വകുപ്പിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ സപ്ലൈ ഓഫീസിന് അംഗീകാരം ലഭിച്ചത്.

പരാതിരഹിതമായി നടപ്പാക്കുന്ന റേഷന്‍ വിട്ടെടുപ്പും വിതരണവും, റേഷന്‍ കാര്‍ഡ്  സംബന്ധമായ അപേക്ഷകള്‍, തിരുത്തലുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്, പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കല്‍, സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ ഭക്ഷ്യധാന്യവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കല്‍ ഉള്‍പ്പെടെയുള്ള മികച്ച പ്രകടനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ് പുരോഗതി, കെ-സ്റ്റോറുകളുടെ പ്രവര്‍ത്തനം, ഇ-ഗവേണന്‍സ് സംവിധാനത്തിന്റെ കാര്യക്ഷമത, ഭരണഭാഷ പുരോഗതി,  റിപ്പോര്‍ട്ടുകള്‍  സമര്‍പ്പിച്ചത്, റേഷന്‍ കടകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം, ചൂരല്‍മല-മുണ്ടക്കൈ ദുരന്തകാലത്തെ ഫലപ്രദ ഇടപെടല്‍, കെ.ടി.പി.ഡി.എസ് പ്രകാരമുള്ള എന്‍.എഫ്.എസ്.എ. ഗോഡൗണ്‍, എ.ആര്‍.ഡി, ഓപ്പണ്‍ മാര്‍ക്കറ്റ് ഗ്യാസ് ഏജന്‍സികളിലെ പരിശോധന ലൈസന്‍സികളുമായി ബന്ധപ്പെട്ട പരാതി പരിഹാര പ്രവര്‍ത്തനങ്ങള്‍, മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നതിലെ പുരോഗതി, ഹരിത പ്രോട്ടോകോള്‍ പ്രകാരമുള്ള ഓഫീസ് പരിപാലനവും മുന്‍ഗണന വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കലും അവാര്‍ഡിന് അര്‍ഹമാക്കി.