കല്‍പ്പറ്റ: കേരളത്തിൽ 2785 കാട്ടാനകളുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട സർവേ റിപ്പോർട്ട്. സർവേ പ്രകാരം കാർണാടകയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാട്ടാനകളുള്ളത്.

ഡി എൻ എ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ആന സെൻസസ് റിപ്പോർട്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്ത് ആകെ 22446 കാട്ടാനകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആനകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് കേരളം. ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കർണാടകയാണ്. കർണാടകയിൽ 6013 കാട്ടാനകളാണുള്ളത്. രണ്ടാം സ്ഥാനത്ത് അസമും മൂന്നാം സ്ഥാനത്ത് തമിഴ്നാടുമാണ്. അസമിൽ 4159 കാട്ടാനകളും തമിഴ്നാട്ടിൽ  3136 കാട്ടാനകളുണ്ടെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. പശ്ചിമഘട്ടത്തിൽ ആകെ 11934 ആനകളാണുള്ളത്. 2023 ൽ കേരള വനം വകുപ്പ് നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 1920 ആനകളുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.