പിടിയിലായത് ബാംഗ്ലൂരുവില്‍ ഒളിവില്‍ കഴിയവേ

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവശേഷം ഒളിവിലായിരുന്ന ചീരാല്‍, മേച്ചേരി മഠം വീട്ടില്‍, ജോഷ്വ വര്‍ഗീസി(35)നെയാണ് ബാംഗ്ലൂരില്‍ നിന്ന്് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ 2009-ല്‍ ബത്തേരി സ്‌റ്റേഷനില്‍ അടിപിടി കേസിലും 2014-ല്‍ ലഹരി കേസിലും പ്രതിയാണ്. പുത്തന്‍കുന്ന്, തെക്കുംകാട്ടില്‍ വീട്ടില്‍ ടി. നിഥുന്‍(35), ദൊട്ടപ്പന്‍കുളം, നൂര്‍മഹല്‍ വീട്ടില്‍, മുഹമ്മദ് ജറീര്‍(32), കടല്‍മാട്, കൊച്ചുപുരക്കല്‍ വീട്ടില്‍, അബിന്‍ കെ. ബവാസ് (32), ചുള്ളിയോട്, പനച്ചമൂട്ടില്‍ വീട്ടില്‍ പി. അജിന്‍ ബേബി(32) എന്നിവരെ സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

22.09.2025 രാത്രിയില്‍ പൂതിക്കാടുള്ള റിസോര്‍ട്ടില്‍ രണ്ടു കാറുകളിലെത്തി അതിക്രമിച്ചു കയറിയാണ് ആറംഗ സംഘം പരാതിക്കാരനെയും സുഹൃത്തിനെയും കൈ കൊണ്ടും ഇരുമ്പുപട്ട കൊണ്ടും അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചത്. റിസോര്‍ട്ടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. എ.എസ്.ഐ ജയകുമാര്‍, സി.പി.ഒമാരായ സബിത്ത്, പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.