ബത്തേരി: ബത്തേരി പൂതിക്കാട് റിസോര്‍ട്ടിലെ സംഘട്ടനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ലോക്കല്‍ സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.  ബീനാച്ചി സ്വദേശികളായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കോച്ചേരിയില്‍ നിധിന്‍, കേളോത്ത് അനൂജ്, പാങ്ങാട്ട് ശരത്ത് രാജ് എന്നിവര്‍ക്കാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.


കഴിഞ്ഞമാസം 22-ന് രാത്രി പൂതിക്കാട് റിസോര്‍ട്ടില്‍ സംഘട്ടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് ബത്തേരി പൊലിസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.നേരത്തെ റിസോര്‍ട്ട് ജീവനക്കാരന്റെയും സുഹൃത്തിന്റെയും പരാതിയില്‍ അഞ്ചാളുടെ പേരില്‍ കേസെടുക്കുകയും നാലുപേര്‍ റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. എന്നാല്‍, നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയാണ് ജയിലിലടച്ചതെന്ന ആരോപണവുമായി ഇവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതികള്‍ക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുള്ളവര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. ആദ്യകേസില്‍ പ്രതികളെ രാത്രി തന്നെ  പിടികൂടിയ പൊലിസ്, എതിര്‍വിഭാഗത്തിന്റെ കേസില്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും മറുപടിയുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു.