-മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്കിൻ്റെ രണ്ടാം ഘട്ട ഉദ്ഘാടനവും മുന്നാം ഘട്ടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങും ബിരുദാനവും മന്ത്രി നിർവഹിച്ചു
സമൂഹത്തിൽ ചുറ്റുമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും അത് വിദ്യാഭ്യാസം എന്ന ആശയത്തെ കൂടുതൽ സമ്പുഷ്ടമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.
മാനന്തവാടിയിൽ പി കെ കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്കിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഉദ്ഘാടനവും മുന്നാം ഘട്ടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങും ബിരുദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികൾ പുത്തൻ അറിവുകളുടെ ഉൽപ്പാദകരാവണമെന്നും സങ്കേതികവിദ്യ കൈവശമുള്ള യുവതലമുറയുടേതാണ് പുതിയ കാലമെന്നും മന്ത്രി പറഞ്ഞു.
സർക്കാറിൻ്റെ മുൻഗണനാ മേഖലയിലൊന്നാണ് ഉന്നത വിദ്യാഭ്യാസം. 4 വർഷം കൊണ്ട് 6000 കോടി രൂപയുടെ പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആവിഷ്കരിച്ചത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനള്ള വലിയ ശ്രമങ്ങൾ സർക്കാർ നടത്തുന്നു. തൊഴിൽ ആഭിമുഖ്യം വളർത്താനും പഠനത്തോടൊപ്പം ജോലിയും ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ പ്രായോഗിക തലത്തിലേക്ക് വികസിപ്പിക്കാൻ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും വിവിധ ഏജൻസികളുടെ സഹായത്തോടെ സർക്കാർ ലഭ്യമാക്കുന്നതായും നിലവിൽ അഞ്ഞൂറിൽ പരം കലാലയങ്ങളിൽ ആരംഭിച്ച ഇന്നൊവേഷൻ - ഇൻകുബേഷൻ സെൻ്ററുകൾ എല്ലയിടത്തേക്കും വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി - പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷനായി. എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടെ ആരംഭിച്ച് മെച്ചപ്പെട്ട അവസരങ്ങൾ ഒരുക്കുകയാണ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു.
പി കെ കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ 2023 ൽ നിർമാണം ആരംഭിച്ച മൂന്ന് നിലകളുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ടത്തിൽ ഒരു കോടി രൂപ ചെലവിട്ട് 404.964 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച കോളജ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികളും ഒരു ടോയിലറ്റ് ബ്ലോക്കും രണ്ടാം നിലയിൽ മൂന്ന് ക്ലാസ് മുറികളും ഉൾപ്പെടുന്നു. ഇതിന് പുറമേ മൂന്നാം ഘട്ടത്തിൽ ഇപ്പോൾ തറക്കല്ലിട്ട കെട്ടിടം രണ്ട് നിലകളിലായി 867. 766 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമിക്കുന്നത്. 3.93 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഈ കെട്ടിടത്തിൻ്റെ സെല്ലാർ ഫ്ലോറിൽ മൂന്ന് ക്ലാസ് മുറികളും ആൺകുട്ടികളുടെ ടോയ്ലറ്റ് ബ്ലോക്കും തറ നിലയിൽ പ്രിൻസിപ്പൽ റൂം, റീഡിങ് റൂം, ലൈബ്രറി, റസ്റ്റ് റൂം, സ്റ്റാഫ് റൂം എന്നിവയുമാണ് നിർമിക്കുന്നത്.
കോളജിൽ പഠനം പൂർത്തീകരിച്ച 34 വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങും പരിപാടിയിൽ നടന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ, വാർഡ് മെമ്പർ ലിസി ജോൺ, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺ കുമാർ, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സനില പി, പി കെ കെ എം സി എ എസ് പ്രിൻസിപ്പൽ ഷീബ ജോസഫ്, മാനന്തവാടി ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ സലാം കെ, മാനന്തവാടി ബിഎഡ് കോളജ് കോഴ്സ് ഡയറക്ടർ ഡോ. എം പി അനിൽ, പിടിഎ വൈസ് പ്രസിഡൻ്റ് ബാബുരാജ്,
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കോളജ് പൂർവവിദ്യാർത്ഥി പ്രതിനിധി ജ്യോതിലാൽ, കോളജ് യൂണിയൻ ചെയർമാൻ ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!