സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  ജില്ലയിൽ വിനോദത്തിനും പരിശീലനത്തിനും ഉപയോഗിക്കുന്ന പൊതു- സ്വകാര്യ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർദേശിച്ചു. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ നീന്തൽ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ  അതത് ഇടങ്ങളിലെ വെള്ളം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്ത് ക്ലോറിൻ അളവ് പരിശോധിച്ച് ഉറപ്പാക്കി വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കണം. വിവരങ്ങൾ ശേഖരിച്ച രജിസ്റ്റര്‍ പഞ്ചായത്ത് സെക്രട്ടറിയോ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസറോ അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോൾ  ഹാജരാക്കണം.  

നീന്തൽ കുളങ്ങളിലൂടെയുള്ള രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ്  ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും അടിയന്തിര നടപടികൾ സ്വീകരിക്കുന്നത്. 
നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടര്‍ തീം പാര്‍ക്കുകൾ, റിസോര്‍ട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ നീന്തൽ കുളങ്ങളിൽ ക്ലോറിനേഷൻ പൂര്‍ത്തീകരിച്ചതിന് ശേഷം റെസിഡ്യുവൽ ക്ലോറിന്റെ അളവ് ലിറ്ററിന് 1-3 മില്ലിഗ്രാം (1-3 പിപിഎം) എന്ന തോതിലായിരിക്കണം. ഇക്കാര്യം എല്ലാ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർമാരും പരിശോധിച്ച് നിര്‍ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ  ലംഘിക്കുന്നവര്‍ക്കെതിരെ 2023 കേരള പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.