ലൈഫ് പദ്ധതി ലിസ്റ്റില്‍ ഉണ്ടായിട്ടും ഇരുളം മിച്ചഭൂമിക്കുന്ന് പെരുമണ്ണില്‍ മുഹമ്മദും കുടുംബവും കാലിത്തൊഴുത്തില്‍ താമസിക്കേണ്ട ഗതികേടില്‍. രണ്ട് പിഞ്ചുകുട്ടികളടക്കം നാല് പേരാണ് കഴിഞ്ഞ ഒരു വര്‍ഷമായി തൊഴുത്തില്‍ താമസിക്കുന്നത്. ലൈഫ് ലിസ്റ്റില്‍ പേരുണ്ടായിട്ടും പഞ്ചായത്ത് അധികൃതര്‍ എഗ്രിമെന്റ് വെക്കാന്‍ സമ്മതിച്ചില്ലെന്നാണ് മുഹമ്മദ് പറയുന്നത്.

ഒരു വര്‍ഷം മുന്‍പ് മുഹമ്മദും കുടുംബവും താമസിച്ചിരുന്ന ഷെഡ് കാടാന കുത്തിമറിച്ചിട്ടു. മറ്റ് മാര്‍ഗമില്ലാതെ പശുക്കളെ വിറ്റ് തൊഴുത്തിലേക്ക് താമസം മാറി. ലൈഫ് ലിസ്റ്റില്‍ പേരുള്ളതിനാല്‍ വീട് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എഗ്രിമെന്റ് വെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുവദിച്ചില്ലെന്നാണ് മുഹമ്മദ് പറയുന്നത്.

പൂതാടി പഞ്ചായത്ത് ഭവനപദ്ധതിയില്‍ 698 പേരാണുള്ളത്. ലിസ്റ്റിലുള്ള 290 കുടുംബങ്ങളെ മാത്രമാണ് എഗ്രിമെന്റ് വെക്കാന്‍ അനുവദിച്ചത്. മുഹമ്മദിനെ പോലെ 100 കണക്കിന് കുടുംബങ്ങള്‍ ഷെഡുകളിലും പ്ലാസ്റ്റിക് കൂരകളിലും ദുരിത ജീവിതം നയിക്കുന്നുണ്ട്. ഇരുളം മിച്ചഭൂമിക്കുന്നില്‍ തന്നെ താമസിക്കുന്ന മങ്കാരത്ത് ഉമ്മുകുല്‍സു , കാക്കശേരി വളപ്പില്‍ സാജിറ എന്നിവരും സമാനമായ അവസ്ഥയിലാണ്. പഞ്ചായത്തില്‍ നിന്ന് എന്ന് വീട് ലഭിക്കുമെന്നാണ് നൂറ് കണക്കിന് കുടുംബങ്ങള്‍ ചോദിക്കുന്നത്.