കല്‍പ്പറ്റ: കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതികളെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്. കൊല്ലം, പാലോട് സ്റ്റേഷനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ ആലംകോട് റംസി മന്‍സില്‍ അയ്യൂബ് ഖാന്‍ (56) ഇയാളുടെ മകനായ സൈതലവി (18) എന്നിവരെയാണ് മേപ്പാടിയില്‍ വച്ച് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് പുലര്‍ച്ചെ മേപ്പാടി പോലീസും  സ്‌പെഷ്യല്‍ സ്‌ക്വാഡുമാണ് ഇവരെ പിടികൂടിയത്. മേപ്പാടി സ്റ്റേഷന്‍ പരിധിയിലുള്ള കോട്ടവയലില്‍ വാടക വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ വീട് വളഞ്ഞാണ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് കൊല്ലം പാലോട് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായിരുന്നു. എന്നാല്‍ തെളിവെടുപ്പിനിടെ ഇവര്‍ കൈവിലങ്ങുമായി കടന്നുകളയുകയായിരുന്നു. വൈദ്യ പരിശോധന കഴിഞ്ഞ് പ്രതികളെ പാലോട് പോലീസിന് കൈമാറും.