മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയതില്‍ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്. അന്തിമ ലിസ്റ്റില്‍ ദുരന്തബാധിതര്‍ അല്ലാത്തവരെ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് നേരത്തെ വിജിലന്‍സിന് ജനശബ്ദം ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയിരുന്നു.

451 പേരാണ് മുണ്ടക്കൈ ഉരുള്‍ ദുരന്ത ബാധിതരുടെ പുനരുധിവാസ ലിസ്റ്റില്‍ ആകെ ഉള്‍പ്പെട്ടിട്ടുള്ളത്. പൂര്‍ണ്ണമായും അര്‍ഹതപ്പെട്ടവര്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന ആക്ഷേപം ഉയരുന്നതിനിടെ 49 പേരെ കൂടി കൂട്ടിച്ചേര്‍ത്താണ് 451 കുടുംബങ്ങള്‍ എന്ന സംഖ്യയില്‍ എത്തിയത്. എന്നാല്‍ ഗുണഭോക്തൃലിസ്റ്റില്‍ വ്യാപക തിരിമറി നടന്നതായിട്ടാണ്  ജനശബ്ദം ആക്ഷന്‍ കൗണ്‍സിലിന്റെ വാദം. ദുരന്തബാധിതരല്ലാത്തവരും മറ്റ് ഇടങ്ങളില്‍ സ്വന്തമായി വീട്ടിലുള്ളവരും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടു. ഒരു വീട്ടില്‍ കുടുംബസമേതം താമസിച്ചിരുന്ന പലരും പിന്നീട് ഉണ്ടാക്കിയ രേഖകളുടെ സഹായത്തോടെ ടൗണ്‍ഷിപ്പില്‍ ഒന്നിലധികം വീടുകള്‍ക്ക് അര്‍ഹത നേടി. അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ ലിസ്റ്റില്‍ 12 പേരും അനര്‍ഹരാണെന്നും 173 പേര്‍ ഇപ്പോഴും ഗുണഭോക്തൃ ലിസ്റ്റിന് പുറത്താണെന്നുമുള്ള ആരോപണങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ ഉയര്‍ത്തിയിരുന്നു

അതേസമയം പ്രാഥമിക വിവരശേഖരണത്തില്‍ ചില റവന്യൂ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ദുരന്തബാധിതര്‍ അല്ലാത്തവരെ പോലും ടൗണ്‍ഷിപ്പ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. ഡയറക്ടറേറ്റില്‍ നിന്നും അനുമതി കിട്ടിയാല്‍ ഉടന്‍ വിശദമായ അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ നീക്കം.