
യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽകൂടിയാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി ഗ്രാമവണ്ടി ആരംഭിച്ചത്. സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ശക്തമായ പിന്തുണയും ലഭിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ സി.സി–അത്തിനിലം–മൈലമ്പാടി–മീനങ്ങാടി റൂട്ടിൽ ആരംഭിച്ച സർവീസ് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ പ്രിയപ്പെട്ട യാത്രാമാർഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. വയനാടിന്റെ തനതു ഗ്രാമ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ഈ കെ.എസ്.ആർ.ടി.സി യാത്ര കേവല യാത്ര സൗകര്യം മാത്രമല്ല മറിച്ചു മനം നിറക്കുന്ന അനുഭവങ്ങൾ കൂടെയാണ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്.
ആദ്യകാലത്ത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ സി.സി, അത്തിനിലം, മൈലമ്പാടി, മീനങ്ങാടി റൂട്ടിൽ ഓടിയിരുന്ന ഗ്രാമവണ്ടിയിൽ ഇന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. പാട്ട് കേൾക്കാൻ സ്പീക്കർ, സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകൾ, സൗഹൃദത്തോടെ പെരുമാറുന്ന ജീവനക്കാർ ഇവയെല്ലാം ഗ്രാമവണ്ടിയെ മറ്റു യാത്രാമാർഗങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നു.
Comments (0)
No comments yet. Be the first to comment!