വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കടബാധ്യത തീർത്ത് കോൺഗ്രസ്. 60 ലക്ഷം രൂപയുടെ ബാധ്യതയാണ് കോൺഗ്രസ് അടച്ചുതീർത്തത്. കുടിശ്ശിക അടച്ചില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് എന്‍ എം വിജയന്റെ കുടുംബം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ നിര്‍ണായക നീക്കമാണ്  കോണ്‍ഗ്രസ് നടത്തിയത്. എന്‍ എം വിജയന്റെ പേരിലുള്ള കുടിശ്ശിക കെപിസിസി അടച്ചുതീര്‍ത്തു. ബത്തേരി ബാങ്കിലെ 60 ലക്ഷം കുടിശ്ശികയാണ് കെപിസിസി അടച്ചു തീര്‍ത്തത്. ബാധ്യത തീർക്കുമെന്ന് KPCC അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ  ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തതിൽ ബാധ്യതയായ പത്ത് ലക്ഷം രൂപയും, കുടുംബത്തിൻറെ ഉപജീവനത്തിന് 20 ലക്ഷം രൂപയും  പാർട്ടി നേരത്തെ നൽകിയിരുന്നു. 2007 നവംബര്‍ 17നാണ് എന്‍ എം വിജയന്‍ 10 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നത് എന്നാണ് റിപോര്‍ട്ടുകള്‍. ഒഡിയായി നല്‍കിയ വായ്പ 3 വര്‍ഷത്തിനു ശേഷം പുതുക്കി 15 ലക്ഷം രൂപയാക്കി.2014 സെപ്റ്റംബര്‍ 1ന് വീണ്ടും 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി. 2017 നവംബര്‍ 10ന് ബിസിനസ് വായ്പ കാര്‍ഷിക വായ്പയാക്കി മാറ്റി. 2019 ഡിസംബര്‍ 31ന് ഇത് 40 ലക്ഷമാക്കി ഉയര്‍ത്തി. 2021 ഏപ്രില്‍ 26നാണ് വായ്പ അവസാനമായി പുതുക്കിയത്. പിന്നീട് വായ്പയിലേക്ക് ഒരു തുകയും അടച്ചിട്ടില്ല. പാര്‍ട്ടിക്കു വേണ്ടിയാണ് കടബാധ്യതയുണ്ടായതെന്ന് അത്മഹത്യാകുറിപ്പില്‍ വ്യക്തമാണെന്ന് മരുമകള്‍ കോണ്‍ഗ്രസ് നേതൃത്യത്തെ അറിയിച്ചിരുന്നു.