മുസ്ലീം ലീഗിൻ്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ വീടുകളുടെ നിർമ്മാണത്തിൽ നിർദ്ദിഷ്ട ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്.ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറ്റ നോട്ടീസ് അയച്ചത്.

തൃക്കൈപ്പറ്റ വില്ലേജിൽ ലീഗ് വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ് 68 വീടുകളുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്. പ്ലോട്ട് സബ് ഡിവിഷൻ നടത്തുന്നതിനുള്ള അനുമതി ഗ്രാമപഞ്ചായത്ത് നൽകിയിരുന്നു.എന്നാൽ അത് പൂർത്തീകരിച്ച് കംപ്ലീഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ലഭിച്ചിട്ടില്ല എന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പകരം സെൽഫ് സർട്ടിഫൈഡ് അനുമതി എടുത്ത് നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. അതു പ്രകാരം പരിധിയായ 300 സ്ക്വയർ മീറ്ററിൽ കൂടിയ നിർമ്മാണം അനുവദനീയമല്ല എന്നതാണ് ചട്ടം.വലിയ തോതിലുള്ള കെട്ടിട നിർമ്മാണത്തിനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് വാങ്ങിയിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. എന്നാൽ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും വീടുകളുടെ നിർമ്മാണ പ്രവൃത്തി നിർത്തി വെക്കേണ്ട സാഹചര്യമില്ലെന്നും ലീഗ് നേതൃത്വം പറയുന്നു.