ഇരുളം ഓർക്കടവിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു.വീടിന് സമീപത്തെ കൃഷിയിടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാന രണ്ടു മണിയോടെ തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു. ഈ സമയത്ത് സുരേന്ദ്രൻ്റ മകൻ ശ്യാം , ഭാര്യ സൗമ്യ, മകൾ ഋതുപർണിക എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് ആന തെങ്ങ് മറിച്ചിട്ടത്. തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും ഏറെ വൈകിയാണ് വനപാലകർ സ്ഥലത്തെത്തിയത്. മറ്റ് നടപടികളൊന്നും സ്വീകരിക്കാനും തയ്യാറായില്ല. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്പലപ്പോഴും എന്തെങ്കിലും സംഭവങ്ങളുണ്ടായാലും വനപാലകർ യഥാസമയം ഇവിടേക്ക് എത്താറില്ലെന്നും പരാതിയുണ്ട്.