
പൂക്കോട് സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ ഡീൻ ഡോ. എം.കെ. നാരായണനെ തരംതാഴ്ത്തും. അസി. വാർഡൻ ഡോ. കാന്തനാഥന് സ്ഥലം മാറ്റവും രണ്ട് വർഷം പ്രമോഷൻ തടയലും ഉണ്ടാകും. ബോർഡ് ഓഫ് മാനേജ്മെന്റ് ആണ് തീരുമാനമെടുത്തത്.
ഡീൻ പദവിയിൽ നിന്ന് ഡോ. എം.കെ. നാരായണനെ തരംതാഴ്ത്തി പ്രൊഫസർ ആയി സ്ഥലം മാറ്റി നിയമിക്കാനാണ് തീരുമാനം.ബോർഡ് ഓഫ് മാനേജ്മെന്റിനു നൽകിയ സമയം ഈ മാസം 23 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഔദ്യോഗിക ഉത്തരവ് ഉടൻ ഇറങ്ങും. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. ഇരുവരുടെയും വാദം കേട്ട ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. എം കെ നാരായണനെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കും കാന്തനാഥനെ തിരുവാഴാംകുന്ന് പൗൾട്രി കോളേജിലേക്കുമാണ് സ്ഥലം മാറ്റുന്നത്. നാരായണനെ തരം താഴ്ത്താനും 3 വർഷത്തേക്ക് ഭരണപരമായ ചുമതലകൾ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ബോർഡ് ഓഫ് മാനേജ്മെന്‍റ് ശിക്ഷാനടപടികള്‍ തീരുമാനിച്ച് ഇരുവരുടെയും മറുപടി സമർപ്പിക്കാൻ സമയം നല്‍കിയിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെയാണ് ശിക്ഷ നടപടി അന്തിമമാക്കിയത്. 2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താൻ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു.
Comments (0)
No comments yet. Be the first to comment!