വൈത്തിരിയില്‍ പിടിച്ചെടുത്ത കുഴല്‍പണം റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കൂട്ടനടപടി. വൈത്തിരി സ്റ്റേഷന്‍ എസ്.എച്ച്.ഒ അടക്കമുള്ള നാല് പൊലിസുകാരെയാണ്  സസ്പെന്റ് ചെയ്തത്. ജില്ല പോലീസ് മേധാവിയുടെ അന്വേഷണ റിപോര്‍ട്ടിനന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഈമാസം 15നാണ് കേസിനാസ്പദമായ സംഭവം. ചുണ്ടേല്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അന്വേഷണം നടന്നത്. വിദേശത്ത് നിന്ന് വന്ന ഇയാളുടെ കൈവശം 3.3ലക്ഷം രൂപയുണ്ടായിരുന്നു. ഇത് ഏല്‍പ്പിച്ച ആളുകള്‍ക്ക് നല്‍കാനായി ചുണ്ടേലിന് സമീപം ദേശീയപാതയില്‍ നിന്ന് ശ്രമിക്കുന്നതിനിടെ വൈത്തിരി സ്റ്റേഷനിലെ പൊലിസ് ജീപ്പ് ഇങ്ങോട്ടെത്തി. പൊലിസ് വാഹനം കണ്ട സംഘം പണം ഇവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇത് സ്ഥലത്ത് നിന്നും പൊലിസ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയോ, പണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് യുവാവ് ജില്ലാ പൊലിസ് മേധാവിയെ പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലിസുകാര്‍ സംഭവം മറച്ചുവെച്ചതാണെന്ന് ബോധ്യപ്പെടുന്നത്. എസ്.എച്ച്.ഒ അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ജില്ലാ പൊലിസ് മേധാവി തബോഷ് ബസുമതാരിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര മേഖല ഐ.ജി രാജ്പാല്‍ മീണയാണ് നടപടിയെടുത്തത്.